
Perinthalmanna Radio
Date: 11-04-2024
പെരിന്തല്‍മണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ദേശീയ പാതയില്‍ അങ്ങാടിപ്പുറം ഒരാടംപാലം മുതല്‍ മാനത്തുമംഗലം വരെ റെയില്‍വേ മേല്‍പാലത്തോട് കൂടിയ ബൈപാസ് പദ്ധതി നിർജീവം. റോഡിനുള്ള നിർദിഷ്ട പദ്ധതി കൂടുതല്‍ ചർച്ചയാവേണ്ട ഘട്ടമാണിത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വികസന പദ്ധതി എന്ന നിലയില്‍ ഒരു പരാമർശവുമില്ല.
സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പൂർത്തിയാക്കേണ്ട അനിവാര്യ വികസന പദ്ധതിക്ക് 2010ല്‍ അന്നത്തെ ഇടതു സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതാണ്. അങ്ങാടിപ്പുറത്ത് ഓരാടംപാലം എന്ന പ്രദേശത്തെയും പെരിന്തല്‍മണ്ണ മാനത്ത് മംഗലത്തെയും കൂട്ടിയോജിപ്പിച്ച് കൃഷിയിടങ്ങളിലൂടെ കൂടുതല്‍ നാശ നഷ്ടങ്ങളില്ലാതെ പുതിയ റോഡ് നിർമിക്കലാണ് പദ്ധതി. സർവേയില്‍ 4.04 കി.മീ. നീളം വരും. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 36 ഹെക്ടർ സ്വകാര്യ ഭൂമി വേണം.
കുറഞ്ഞത് 250 കോടി രൂപ മതിപ്പ് ചെലവു കണക്കാക്കുന്ന പദ്ധതി രാഷ്ട്രീയ വടംവലിയില്‍ 14 വർഷം മുടങ്ങി. പദ്ധതിമുടക്കത്തിന് പുതിയ കാരണം ഇത്രയേറെ ഫണ്ട് ചെലവിടാൻ സംസ്ഥാന സർക്കാറിന് നിർവാഹമില്ലെന്നാണ്. നൂറുകണക്കിന് വാഹനങ്ങള്‍ പോവുന്ന ദേശീയപാതയില്‍ അങ്ങാടിപ്പുറം ടൗണിലെ റെയില്‍വേ ക്രോസിങ് ഒഴിവാക്കാനായി അതിനു മുകളില്‍ പാലം നിർമിച്ച് വാഹനങ്ങള്‍ കടത്തിവിടാൻ 2014ലാണ് പദ്ധതി പൂർത്തിയാക്കിയത്. മേല്‍പാലം വന്നിട്ടും കുരുക്ക് ഒഴിവാകുന്നില്ല.
ദേശീയപാതയിലൂടെ പോവേണ്ട ചരക്കുവാഹനങ്ങളും വലിയ ദീർഘദൂര വാഹനങ്ങളും അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ ടൗണിലെത്താതെ പോവാനായി ബൈപാസ് വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയ സർവേയില്‍ ബോധ്യപ്പെട്ടത്. പദ്ധതി കിഫ്ബിയുടെ മേല്‍നോട്ടത്തില്‍ പൂർത്തിയാക്കാൻ ആലോചനയും നടന്നു. എന്നാല്‍, സംസ്ഥാന സർക്കാർ ഇത്തരം ആലോചനപോലും ഇപ്പോള്‍ നടത്തുന്നില്ല.
നവകേരള സദസ്സില്‍ വിഷയം സി.പി.എം തന്നെ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഗൗനിച്ചില്ല. സർക്കാർ തലത്തില്‍ വിഷയം കൊണ്ടുവരാൻ രണ്ടു മണ്ഡലങ്ങളിലെയും എം.എല്‍.എമാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല.
2020ല്‍ അന്നത്തെ സ്പീക്കറും കലക്ടറുമടക്കം ബൈപാസ് നടപടികള്‍ക്ക് വേഗംകൂട്ടാൻ എം.എല്‍.എമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കും മറ്റും ആലോചന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി 2021ല്‍ പെരിന്തല്‍മണ്ണയില്‍ എത്തിയ ഘട്ടത്തില്‍ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെട്ടതാണ്.
4.04 കിലോമീറ്റര്‍ നീളത്തിലും 24 മീറ്റര്‍ വീതിയിലുമുള്ള ബൈപാസിന് 25 ഏക്കര്‍ ഭൂമി വേണമെന്നായിരുന്നു ആദ്യ സർവേ വിവരം. പദ്ധതിക്ക് 2010ല്‍ അംഗീകാരമായി സർവേ പൂര്‍ത്തിയാക്കി. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്ബറുകള്‍ എല്‍.എ വിഭാഗം ശേഖരിച്ചു. വലമ്ബൂർ ഏഴുകണ്ണിപ്പാലത്തിന് മുകളില്‍ റെയില്‍വേ മേല്‍പാലം വേണം. റെയില്‍വേ മേല്‍പാലത്തിന് 18 കോടിയുടെ പദ്ധതിയും തയാറാക്കിയതാണ്. പദ്ധതിയുടെ സാധ്യത പഠിക്കാൻ രണ്ടു വർഷം മുമ്ബ് കിഫ്ബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ തുടർനടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പുവേളകളിലാണ് പ്രധാനപ്പെട്ട വികസന പദ്ധതികള്‍ ചർച്ചകളിലെങ്കിലും നിറയാറ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അത്തരം ചർച്ചകളും ബൈപാസ് സംബന്ധിച്ച് ഇത് വരെ നടന്നിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
