
Perinthalmanna Radio
Date: 21-06-2026
നിലമ്പൂർ: പത്ത് വർഷത്തെ അവഗണനക്കൊടുവിൽ മലബാറിൻ്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് നിലമ്പൂർ- നഞ്ചൻകോട് റെയിൽവേപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു. 2016ൽ ഉമ്മൻചാണ്ടി സർക്കാരിൽ ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ ഡിഎംആർസിയുമായി സംസ്ഥാനം പാത നിർമ്മാണ ചിലവ് വഹിക്കാമെന്ന് റെയിൽവേയുമായി ധാരണാപത്രം ഒപ്പുവെച്ച പാത ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ തലശ്ശേരി- മൈസൂർ പാതയ്ക്ക് വേണ്ടി ഉപേക്ഷിക്കുകയായിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് 50 ശതമാനം ചിലവ് വഹിക്കാൻ കേരള സർക്കാർ കേന്ദ്രത്തോട് സമ്മതിച്ച പദ്ധതിയായിരുന്നു നിലമ്പൂർ- നഞ്ചൻകോട് പാത. ഡി.എം.ആർ.സി മുഖ്യ ഉപദേശകനും റെയിൽവേയുടെ ഏകാംഗ കമ്മീഷനുമായ ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ചു. ശ്രീധരൻ പഠന റിപ്പോർട്ട് അനുസരിച്ച് 236 കിലോ മീറ്റർ എന്നതിന് പകരം 162 കിലോ മീറ്റർ പാതയുടെ പണി തീർക്കാമെന്നും 6000 കോടിക്ക പകരം 3500 കോടി രൂപ മാത്രമേ ചിലവു വരികയുള്ളൂ എന്നും കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള റെയിൽ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ എന്ന സ്പെഷൽ പർപ്പസ് വെഹിക്കിൾ കമ്പനി രൂപീകരിച്ചു.
ഇത് റെയിൽ ആംഗീകാരം നൽകുകയും നിലമ്പൂർ- നഞ്ചൻകോട് പാതയെ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. ബജറ്റിൽ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി യു.ഡി.എഫ് സർക്കാർ 5 കോടി രൂപ ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തി. വിശദ പദ്ധതി രേഖ സമർപ്പിക്കാൻ ഡി.എം.ആർ.സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തുകയും ചെയ്തു.
2016ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ ഏറ്റെടുക്കുന്ന പദ്ധതികളിൽ ഇന്ത്യയിൽ 11-ാമതായി നിലമ്പൂർ- നഞ്ചൻകോട് പാതയെ ഉൾപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ട് പദ്ധതി തുടർന്നു കൊണ്ടുപോകാൻ സാധിച്ചില്ല.
പിന്നീട് അധികാരത്തിൽ വന്ന ഇടതു സർക്കാർ തലശ്ശേരി-മൈസൂർ പാതയെക്കുറിച്ച് പഠനം നടത്താൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ പാത ഒട്ടും പ്രായോഗികമല്ലെന്ന് ശ്രീധരൻ റിപ്പോർട്ട് നൽകി. എന്നാൽ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് പ്രഥമ പരിഗണന നൽകിയ നിലമ്പൂർ-നഞ്ചൻകോട് പാതയെ അട്ടിമറിച്ച് ഒട്ടും പ്രായോഗികമല്ലാത്ത തലശ്ശേരി-മൈസൂർ പാതയെ പരിഗണിക്കുകയായിരുന്നു ഇടതു സർക്കാർ. നിലമ്പൂർ-നഞ്ചൻകോട് പാതയുടെ പ്രാധാന്യം വ്യക്തമാക്കി പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കാൻ ആര്യാടൻ ഷൗക്കത്ത് എം. എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 10 വർഷത്തിന് ശേഷം പാതയ്ക്ക് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചത് നിലമ്പൂരിൻ്റെ റെയിൽവെ വികസന പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
