പട്ടിക്കാട് റെയിൽവേ മേൽപാലം നിർമാണം പുരോഗമിക്കുന്നു

Share to


Perinthalmanna Radio
Date: 21-06-2026

പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിൽ പട്ടിക്കാട് റെയിൽവേ മേൽപാലത്തിൻ്റെ നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. പട്ടിക്കാട് ലെവൽ ക്രോസ് ദിവസം 14 തവണ അടച്ചിടുന്നതിന് ബദൽ സംവിധാനമായുള്ള നിർമാണമാണ് നടക്കുന്നത്. വളാഞ്ചേരി നിലമ്പൂർ സംസ്ഥാന പാതയിൽ (എസ്. എച്ച് 79) കാര്യവട്ടം, കീഴാറ്റൂർ വില്ലേജുകളിലായി ഏറ്റെടുത്ത 30.75 ആർ ഭൂമിയിലാണ് പട്ടിക്കാട് റെയിൽവേ മേൽപാലം പണി മുന്നേറുന്നത്.

തെക്കൻ ജില്ലകളിൽ നിന്ന് ഊട്ടിയിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ് പെരിന്തൽമണ്ണ നഗരത്തിലൂടെ കടന്നു പോകുന്ന വളാഞ്ചേരി നിലമ്പൂർ സംസ്ഥാന പാത. ഈ പാതയിൽ പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ ഭാഗത്തേക്ക് ആറാം കിലോമീറ്ററിലാണ് പട്ടിക്കാട് റെയിൽ മേൽപ്പാലം പണിയുന്നത്. ഇതിനായി 38 പേരിൽ നിന്നാണ് നഷ്ട പരിഹാരത്തോടെ ഭൂമി ഏറ്റെടുത്തത്.

വളാഞ്ചേരി നിലമ്പൂർ സംസ്ഥാന പാതയിലൂടെ രാത്രിയും പകലും ഭേദമില്ലാതെ ഒട്ടനവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. ഇതിൽ 60 ശതമാനവും ചരക്ക് കയറ്റിയത് അടക്കമുള്ള ഹെവി വാഹനങ്ങളാണ്. 1927ൽ നിലമ്പൂർ – ഷൊർണൂർ പാത സ്ഥാപിച്ചത് മുതൽ പട്ടിക്കാട് റെയിൽവേ ക്രോസിൽ ട്രെയിനുകൾ കടന്ന് പോകാൻ ലെവൽ ക്രോസ് അടച്ചിടാറാണ് പതിവ്. ഇപ്പോൾ രാത്രിയും പകലുമായി 14 ടെയിൻ സർവിസാണ് ഇരു ഭാഗത്തേക്കും ഉള്ളത്. അതു കൊണ്ട് തന്നെ ഒരോ തവണ ട്രെയിൻ വരുമ്പോഴും ലെവൽ ക്രോസ് അടച്ചിടുന്നതിനാൽ 15 മിനിറ്റിലേറെ സമയം വാഹന ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായാണ് ലെവൽ ക്രോസിന് മുകളിലുടെ വീതി കൂട്ടി മേൽപാലം നിർമിക്കുന്നത്. മേൽപാലത്തിന്റെ പില്ലറുകളുടെ ജോലിയാണ് ഇപ്പോൾ നടന്നു വരുന്നത്. മേൽപാലം വരുന്നതോടെ ലെവൽ ക്രോസിൽ കാത്തു കിടക്കാതെ വാഹനങ്ങൾക്ക് കടന്ന് പോകാനാവും.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ 66 കിലോമീറ്റർ ദുരം വരുന്ന ഏക ബ്രാഞ്ച് ലൈനാണ് നിലമ്പൂർ- ഷൊർണൂർ റെയിൽ പാത.

കഴിഞ്ഞ വർഷം പാത പൂർണമായും വൈദ്യുതീകരിക്കു കയും കോടികൾ ചെലവഴിച്ച് പാതയിലെ അങ്ങാടിപ്പുറം, പട്ടിക്കാട് അടക്കമുള്ള മിക്ക റെയിൽവേ സ്റ്റേഷനുകളിലും നവീകരണ ജോലികൾ നടന്നു വരികയുമാണ്. ഭാവിയിൽ കൂടുതൽ ട്രെയിനുകളും ചരക്കു വണ്ടികളും ഓടാനുള്ള സാഹചര്യമാണ് ഒത്തു വരുന്നത്. അതിനാൽ ലെവൽ ക്രോസുകളിലെ വാഹനങ്ങളുടെ കാത്തു കിടപ്പ് ഒഴിവാക്കാൻ ലക്ഷ്യം വയ്ക്കുന്ന റെയിൽവേ മേൽപാലം പൂർത്തി ആകുന്നതോടെ വളാഞ്ചേരി നിലമ്പൂർ സംസ്ഥാന പാതയിൽ സുഗമമായ റോഡ് ഗതാഗതത്തിന് വഴി ഒരുങ്ങും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *