
Perinthalmanna Radio
Date: 16-04-2024
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിലെ പാടേ തകർന്ന മാലാപറമ്പ് മുതൽ വെങ്ങാട് വരെയുള്ള ഭാഗത്ത് കുഴിയടയ്‌ക്കൽ തുടങ്ങി. 90 ലക്ഷം രൂപയാണ് സർക്കാർ കുഴിയടയ്‌ക്കലിനായി അനുവദിച്ചത്. എന്നാൽ ഈ പണിയും അധികൃതരുടെ അലംഭാവം മൂലം സ്‌തംഭിച്ചു കിടക്കുകയായിരുന്നു. യാത്ര ദുഷ്‌കരമായ ഈ ഭാഗത്ത് കുഴിയെങ്കിലും അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ആകെ തകർന്നു കിടന്ന റോഡിൽ ഒട്ടേറെ സമരങ്ങൾക്കൊടുവിലാണ് അങ്ങാടിപ്പുറം മുതൽ മാലാപറമ്പ് ജാറം വരെയുള്ള ഭാഗത്ത് 2 ഘട്ടങ്ങളിലായി നവീകരണം പൂർത്തിയാക്കിയത്.
എന്നാൽ അതിനു ശേഷമുള്ള ഭാഗം കൂടുതൽ തകർന്ന നിലയിലായതിനാൽ കുറച്ച് ഭാഗം മാത്രം നവീകരിച്ചത് വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. ഈ മേഖല കുണ്ടും കുഴിയും കിടങ്ങുമായി കിടക്കുകയാണ്.
അങ്ങാടിപ്പുറത്തും വളാഞ്ചേരിയിലുമായി രണ്ട് ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന ഏറെ പ്രധാനപ്പെട്ട റോഡാണിത്. വിവിധ ആശുപത്രികളിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി ദിവസവും ഇഴഞ്ഞിഴഞ്ഞ് പോകുന്നത്. നിത്യേന എന്നോണമാണ് ഇവിടെ വാഹനാപകടങ്ങൾ.
റോഡിന്റെ നവീകരണത്തിനു വേണ്ടി നടന്ന സമരങ്ങൾക്ക് ഒടുവിൽ ഈ ഭാഗം നവീകരിക്കുന്നതിന് 2 ഘട്ടങ്ങളിലായി 12 കോടി രൂപയുടെ അനുമതിയായിട്ടുണ്ട്. എന്നാൽ ഇതിന്റെ ടെൻഡർ നടപടികൾക്കും മറ്റ് സാങ്കേതിക നടപടി ക്രമങ്ങളും പൂർത്തിയാക്കാൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയേണ്ടതുണ്ട്. അപ്പോഴേക്കും മഴയെത്തിയാൽ പണി പിന്നെയും നീളും.
അതേ സമയം കഴിഞ്ഞ ദിവസം ആരംഭിച്ച കുഴിയടയ്‌ക്കൽ പ്രവൃത്തി കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
