വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത

Share to


Perinthalmanna Radio
Date: 22-06-2026

നിലമ്പൂർ: വയനാട്, മലപ്പുറം ജില്ലകളെ ബന്ധിച്ചു തുരങ്കപ്പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ. വയനാട് മേപ്പാടി ചൂരൽമലയിൽനിന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ല് വരെ വിഭാവനം ചെയ്യുന്ന പുതിയ റോഡിനെ ബന്ധിപ്പിച്ചാണു വനമേഖലയിൽ 2 കിലോമീറ്റർ തുരങ്കം. 2500 കോടി രൂപ ചെലവാകുമെന്നു കണക്കാക്കുന്ന പോത്തുകല്ല്–ചൂരൽമല തുരങ്കപ്പാത പദ്ധതിക്കായി ബജറ്റിൽ ടോക്കൺ തുക വകയിരുത്തി. വയനാട് അതിർത്തിയായ അരണപ്പുഴ മുതൽ മലപ്പുറം മുണ്ടേരി വരെ പഴയ കൂപ്പ് റോഡ് നിലവിലുണ്ട്.

ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം നന്നാക്കാനുൾപ്പടെ ‘റീബിൽഡ് ചൂരൽമല’ പദ്ധതിയിൽപെടുത്തി കഴിഞ്ഞ സർക്കാർ 33.96 കോടി രൂപയുടെ ടെൻഡർ അംഗീകരിച്ചിരുന്നു. 9 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ചൂരൽമല മുതൽ അട്ടമല വരെ 2.5 കിലോമീറ്റർ ദൂരത്തിൽ റോഡ് നവീകരണവും പൂർത്തിയാക്കി. വനഭൂമിയിലെ തടസ്സങ്ങൾക്കൂടി ഇല്ലാതാക്കി പദ്ധതി യാഥാർഥ്യമായാൽ വയനാടിന്റെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകും. നിലവിൽ മേപ്പാടിയിൽനിന്നു നിലമ്പൂരിലെത്താൻ 102 കിലോമീറ്റർ ചുറ്റിക്കറങ്ങണം. തുരങ്കപ്പാത യാഥാർഥ്യമായാൽ ഈ ദൂരം 48 കിലോമീറ്റർ ആയി കുറയും. ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്കുള്ള ദൂരത്തിൽ 70 കിലോമീറ്റർ കുറവുണ്ടാകും. ടൂറിസം മേഖലയിൽ പുത്തനുണർവേകും. വിഴി‍ഞ്ഞം, വല്ലാർപാടം ചരക്കുനീക്കവും ഏളുപ്പമാകും. വെറും 12 കിലോമീറ്റർ പുതിയ റോഡ് പണിതാൽ രണ്ടു ജില്ലകളെയും എളുപ്പത്തിൽ ബന്ധിപ്പിക്കാം. ഇതിൽ 4 കിലോമീറ്റർ കൃഷിവകുപ്പിനു കീഴിലുള്ള മുണ്ടേരി ഫാമിലൂടെയാണു കടന്നുപോകുന്നത്. വനംവകുപ്പിന്റെ കീഴിലുള്ള ശേഷിക്കുന്ന ഭൂമിയിലാണു തുരങ്കം വരിക. എലിവേറ്റഡ് ഹൈവേയും പരിഗണനയിലുണ്ട്.

വനംവകുപ്പിന്റെ നിഷേധാത്മക സമീപനത്താലാണ് ചൂരൽമല–പോത്തുകല്ല് പാത പദ്ധതി നടത്തിപ്പു പലപ്പോഴും തടസ്സപ്പെട്ടതെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *