
Perinthalmanna Radio
Date: 18-04-2024
പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിൽ കോട്ടയം എക്പ്രസിന് പ്രധാന റെയിൽവേ സ്റ്റേഷനു കളിൽ സ്റ്റോപ്പില്ലാത്തത് മലയോര മേഖലയിലെ ട്രെയിൻ യാത്രക്കാർ ദുരിതമാകുന്നു. കൊവിഡിന് ശേഷം ട്രെയിൻ സർവിസ് പുനരാരംഭിച്ചപ്പോഴാണ് സ്റ്റോപ്പുകൾ നിർത്തലാക്കിയത്. ഒപ്പം ട്രെയിൻ സമയങ്ങളിൽ ഒട്ടേറെ മാറ്റവും വരുത്തി. ഇതാകട്ടെ യാത്രക്കാർക്ക് ഏറെ ക്ലേശകരമായിട്ടുണ്ട്. കൊവിഡിന് മുൻപ് നിലമ്പൂർ- കോട്ടയം എക്സപ്രസ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിരുന്നു.
ഇപ്പോൾ വാടാനാംകുർശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, പട്ടിക്കാട് മേലാറ്റൂർ, തുവൂർ, തൊടിയപുലം ഉൾപ്പെടെയുള്ള എട്ട് പ്രധാന സ്റ്റോപ്പുകളിൽ ഈ ട്രെയിൻ നിർത്തില്ല.66 കിലോ മീറ്ററിനിടയിൽ 10 സ്റ്റേഷനുകളിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണിപ്പോൾ നിലമ്പൂർ- കോട്ടയം എക്സ്പ്രസ് നിർത്തുന്നത്. അതേ സമയം ഇതേ ട്രെയിൻ ചെറുതും വലുതുമായ മറ്റ് 21 സ്റ്റേഷനുകളിൽ നിർത്തുന്നുണ്ട്. അതിൽ 18 എണ്ണവും ജില്ലക്ക് പുറത്താണ്.
ദിവസവും നിലമ്പൂരിൽ നിന്നു കോട്ടയത്തേക്കും തിരിച്ചും സർവിസ് നടത്തുന്ന നിലമ്പൂർ- കോട്ടയം എക്സ്പ്രസ് കൊവിഡിനു മുൻപു നിലമ്പുരിൽ നിന്ന് എറണാകുളത്തേക്ക് സർവിസ് നടത്തിയിരുന്നപ്പോൾ എല്ലാ സ്റ്റേഷനുകളിലും നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കിയിരുന്നു. കൊവിഡാനന്തരം സർവിസ് പുനരാരംഭിച്ചപ്പോഴാണ് സ്റ്റോപ്പുകൾ ചുരുങ്ങിയത്. വിദ്യാർഥികൾ, ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ യാത്രക്കാർ ഏറെയുള്ള സ്റ്റേഷനുകളിൽ നിർത്താതെ കടന്നു പോകുന്ന പതിവ് കാഴ്ചയാണ് ഇപ്പോഴത്തേത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നിലമ്പൂർ – ഷൊർണൂർ പാതയിലെ മിക്ക സ്റ്റേഷനുകളും നവീകരിച്ചതിൽ യാത്രക്കാർക്കായി ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ സൗകര്യങ്ങൾ വിപുലപ്പെടുത്തിയതല്ലാതെ കോട്ടയം എക്സ്പ്രസിന് സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ തയാറായിട്ടില്ല. നിലമ്പൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യാത്രക്കാർ അത് കൊണ്ട് തന്നെ കോട്ടയം എക്സ്പ്രസിനെ പാടെ അവഗണിക്കുകയാണ്.
ഇപ്പോൾ നിലമ്പൂർ ഷൊർണൂർ പാത വൈദ്യുതീകരിക്കുകയും വൈദ്യുതി ട്രെയിനുകൾ ഓടി തുടങ്ങുകയും ചെയ്തതോടെ ഇന്ധന ചെലവിന്റെ 15 ശതമാനം വരെ ലാഭിക്കാൻ കഴിയുന്നുണ്ട്. എന്നിട്ടും കൂടുതൽ സ്റ്റോപ് വേണമെന്ന ആവശ്യം റെയിൽവേ അധികാരികൾ മുഖവിലക്ക് എടുത്തിട്ടില്ല.
നിലവിൽ, നിലമ്പൂർ ഷൊർണ്ണൂർ റൂട്ടിൽ ഏഴ് ട്രെയിനുകളാണ് ഉള്ളത്. ആകെ 14 സർവിസുകൾ. രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നും ട്രെയിൻ പുറപ്പെട്ടാൽ അടുത്ത ട്രെയിനിനായി മൂന്ന് മണിക്കൂറിലധികം കാത്തിരിക്കണം. ഉച്ചക്ക് രണ്ട് മണിക്ക് ഷൊർണൂരിൽ നിന്നും ട്രെയിൻ കഴിഞ്ഞാൽ വൈകിട്ട് 5.55 നാണ് അടുത്ത ട്രെയിൻ.
പകൽ സമയങ്ങളിൽ ഷൊർണൂരിൽ സർവിസ് നിർത്തുന്ന ട്രെയിനുകളോ, മെമു സർവിസോ നിലമ്പൂർ ഭാഗത്തേക്ക് നീട്ടണമെന്നാണ് യാത്രക്കാരുടെ അഭ്യർഥന. അതേ സമയം, നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന രാജ്യറാണി എക്സ്പ്രസിന് രണ്ട് ജനറൽ കോച്ചുകളാണുള്ളത്. രാജ്യറാണിയിൽ വെറും എട്ട് കോച്ചുകളാണുള്ള ത്. അതിനാൽ തന്നെ തിരുവനന്തപുരം ആർ.സി.സിയിലേക്ക് പോകേണ്ട നിരവധി രോഗികൾ, അവരുടെ സഹായികൾക്കും മിക്കപ്പോഴും കൃത്യമായി ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
