
Perinthalmanna Radio
Date: 24-04-2024
പെരിന്തൽമണ്ണ: പരിയാപുരം-ചീരട്ടാമല റോഡിൽ വീണ്ടും അപകടം. ഇന്നലെ വൈകിട്ട് മൂന്നോടെ തൃശൂരിൽനിന്ന് ഫർണിച്ചർ ലോഡുമായെത്തിയ ഗുഡ്സ് ലോറിയാണ് റോഡിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. ഡ്രൈവർ തൃശൂർ സ്വദേശി ബിജു(42) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 20ന് പുലർച്ചെ ടാങ്കർ ലോറി മറിഞ്ഞു വലിയ തോതിലുണ്ടായ ഡീസൽ ചോർച്ച മൂലമുള്ള കെടുതികൾ ഇനിയും പൂർണമായി അവസാനിച്ചിട്ടില്ല.
ഇതിന്റെ ദുരിതം ഇപ്പോഴും പ്രദേശ വാസികൾ അനുഭവിക്കുന്നുണ്ട്. പല കിണറുകളിലും വെള്ളത്തിന് ഇപ്പോഴും ഡീസലിന്റെ അംശമുണ്ട്. അന്ന് അപകടം നടന്ന സ്ഥലത്തിനു സമീപമാണ് ഇന്നലെയും അപകടമുണ്ടായത്. കൊടും വളവുകളോടു കൂടിയ കുത്തനെയുള്ള ഇറക്കമാണ് ഇവിടെ. റോഡിന് വീതിയും കുറവാണ്. മുൻപ് ടാങ്കർ ലോറി അപകടത്തെ തുടർന്ന് സുരക്ഷാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിൽ അധികൃതർ ഒട്ടേറെ പ്രഖ്യാപനങ്ങളാണ് നടത്തിയത്. എന്നാൽ റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ ഇവയിലൊന്നുപോലും ഇതുവരെയും നടപ്പായില്ല. മാത്രമല്ല റോഡിനോട് ചേർന്ന് മണ്ണുമാന്തിയതു മൂലമുള്ള വലിയ കുഴിയുണ്ട്. അധികൃതരുടെ ഉദാസീന നിലപാടിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
പിഡബ്ല്യുഡി അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പദ്ധതിക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും വാർഡംഗം അനിൽ പുലിപ്ര പറഞ്ഞു. പദ്ധതിക്ക് ഭരണാനുമതി ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
