
Perinthalmanna Radio
Date: 27-04-2024
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ അഞ്ചിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി. ഒരിടത്ത് ഇതുമൂലം വോട്ടെടുപ്പ് ഒന്നര മണിക്കൂറോളം വൈകി.
ചോലക്കുളം ടിഎം ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ, മണ്ണാർമല എഎംഎൽപി സ്‌കൂൾ, താഴേക്കോട് പിടിഎം എച്ച്എസ്എസ്, പുത്തൂർ വിപിഎയുപി സ്‌കൂൾ, പാലത്തോൾ എയുപി സ്‌കൂൾ എന്നിവിടങ്ങളിലാണ് യന്ത്ര തകരാറുകൾ ഉണ്ടായത്. ഇതിൽ താഴേക്കോട് പിടിഎം എച്ച്എസ്എസിലെ 87–ാം നമ്പർ ബൂത്തിൽ മാത്രം വിവിപാറ്റ് മെഷീൻ തകരാറിലായതു മൂലം വോട്ടെടുപ്പ് ഒന്നര മണിക്കൂറോളം വൈകി. പിന്നീട് പുതിയ യന്ത്രം ഉപയോഗിച്ചാണ് വോട്ടെടുപ്പ് തുടങ്ങിയത്. മറ്റിടങ്ങളിലെല്ലാം നിമിഷങ്ങൾക്കകം തകരാറ് പരിഹരിക്കാനായി.
പല ബൂത്തുകളിലും പോളിങ് നടപടിക്രമങ്ങൾ മന്തഗതിയിലായതിനാൽ നീണ്ട വരി രൂപപ്പെട്ടു. പൊരിവെയിലിൽ വരി നിൽക്കുന്നവർക്ക് പലയിടത്തും സന്നദ്ധ പ്രവർത്തകർ കുടിവെള്ള വിതരണം ചെയ്തു.
മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം ചെരയ്‌ക്കാപറമ്പ് 137–ാ നമ്പർ ബൂത്തിൽ 9.35 ഓടെ വോട്ടിങ് മെഷീൻ തകരാറിലായി. അര മണിക്കൂറോളം വൈകി മെഷീനിലെ തകരാറ് പരിഹരിച്ച ശേഷമാണ് വോട്ടെടുപ്പ് പുനഃസ്ഥാപിച്ചത്.
മണ്ഡലത്തിലെ മാതൃകാ ബൂത്തും പിങ്ക് ബൂത്തുമായ പെരിന്തൽമണ്ണ സെൻട്രൽ ജിഎംഎൽപി സ്‌കൂളിൽ രാവിലെ പത്തരയോടെ 29 ശതമാനം പോളിങ് രേഖപ്പെടുത്തി. എന്നാൽ അതിനു ശേഷം ഏറെ സമയം തിരക്കൊഴിഞ്ഞ നിലയിലായിരുന്നു ബൂത്ത്.
പി.അബ്‌ദുൽ ഹമീദ് എംഎൽഎ ജന്മനാടായ പട്ടിക്കാട് ജിഎച്ച്എസ്എസിലെ 143–ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നജീബ് കാന്തപുരം എംഎൽഎ ജന്മനാടായ ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ ജിഎൽപി സ്‌കൂളിലെ 170–ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നോർക്ക റൂട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്‌ണൻ പെരിന്തൽമണ്ണ കാദർമൊല്ല സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
പെരിന്തൽമണ്ണയിൽ രാവിലെ 10 ന് 17.48 ശതമാനമായിരുന്നു പോളിങ്. ഇത് 12.18 ഓടെ 32.07 ശതമാനമായി. രണ്ടരയോടെ 45.33 ശതമാനമായും നാലരയോടെ 57.8 ശതമാനമായും അഞ്ചരയോടെ 63.9 ശതമാനമായും 6.45 ഓടെ 68.87 ശതമാനമായും ഉയർന്നു.
പുത്തനങ്ങാടി ജിഎൽപി സ്‌കൂളിലും ആലിപ്പറമ്പ് പള്ളിക്കുന്ന് മദ്രസയിലും കൊളത്തൂർ നാഷനൽ ഹൈസ്‌കൂളിലുമെല്ലാം സമയപരിധിക്ക് ശേഷവും വരിയിലുണ്ടായിരുന്ന നൂറിലേറെ പേർക്ക് ടോക്കൺ നൽകുകയായിരുന്നു. ഇവിടങ്ങളിൽ വോട്ടെടുപ്പ് രാത്രി വരെ നീണ്ടു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
