
Perinthalmanna Radio
Date: 29-04-2024
പുലാമന്തോൾ : പഞ്ചായത്തിലെ വടക്കൻ പാലൂർ, കിഴക്കേക്കര പ്രദേശങ്ങളിൽ പുലിയെ കണ്ടുവെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ നാലുദിവസമായി പുലിപ്പേടിയിൽ കഴിയുന്ന പ്രദേശവാസികൾക്ക് ഇത് ആശ്വാസമേകി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഓഫീസിലെ സംഘമെത്തിയത്. വ്യാഴാഴ്ച രാവിലെ പുലിയെ ആദ്യം കണ്ടുവെന്നുപറഞ്ഞ കിഴക്കേക്കര വി.പി. വേലായുധന്റെ വീട്ടുപരിസരം, വെള്ളിയാഴ്ച രാത്രിയിൽ സമാനമായ സംഭവമുണ്ടായെന്നു പറഞ്ഞ വടക്കൻ പാലൂർ ചീനിച്ചോട്, കിഴക്കേക്കര കങ്കാട്ട് ശിവരാമൻ നായരുടെ വീട്ടുപരിസരം എന്നിവിടങ്ങളിൽ ചെന്ന് വിവരം ശേഖരിച്ചു.
അതിനിടയിൽ ഞായറാഴ്ച രാവിലെ വടക്കൻ പാലൂരിൽ നായയേക്കാൾ വലുപ്പമുള്ള ജീവിയെ കണ്ടെന്ന വിവരവും ആളുകൾ പങ്കു വെച്ചിരുന്നു. ജനങ്ങളുടെ ഭീതിയകറ്റുന്നതിനും പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും വനം വകുപ്പ് നിരീക്ഷണ ക്യാമറ സംവിധാനമൊരുക്കും.
ഈ ആവശ്യമുന്നയിച്ച് പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ റേഞ്ച് ഓഫീസർക്ക് കത്തയച്ചു. അടുത്ത ദിവസം തന്നെ ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ചീരട്ടാമലയോടു ചേർന്നു കിടക്കുന്ന സ്ഥലത്താണ് ഇവ വെക്കുക. ഇനിയുള്ള നടപടികൾ ഇവയിൽ പതിയുന്ന ദൃശ്യങ്ങൾ നോക്കിയാകും എടുക്കുക. ജാഗ്രത പാലിക്കണം
പുലിയുടെ കാര്യത്തിൽ സ്ഥിരീകരണം വരുന്നതു വരെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും അറിയിച്ചു. എസ്.എഫ്.ഒ. വത്സൻ, ബി.എഫ്.ഒ. ധന്യരാജ്, വാച്ചർ ഉണ്ണിക്കൃഷ്ണൻ, ഡ്രൈവർ അബ്ദുൽ നസീർ എന്നിവരാണ് വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങളായ ടി. സാവിത്രി, കെ. ഷിഹാബുദ്ദീൻ, നാട്ടുകാർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
