അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

Share to



Perinthalmanna Radio
Date: 10-05-2024

ന്യൂഡൽഹി: മദ്യനയക്കേസിൽ ഇ.ഡി. അറസ്റ്റുചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് ജാമ്യം അനുദിക്കുന്നത് പരിഗണനയിലാണെന്ന് ഹർജിയിൽ നേരത്തെ വാദംകേൾക്കുമ്പോൾ കോടതി പറഞ്ഞിരുന്നു.

ഡൽഹി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടടെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് കെജ് രിവാൾ ജയിലിന് പുറത്തിറങ്ങുന്നത്. ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25-നാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

ജാമ്യകാലാവധി ജൂൺ അഞ്ചുവരെ നീട്ടിക്കൂടേയെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ആരാഞ്ഞെങ്കിലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജൂൺ രണ്ടിന് കെജ്രിവാൾ കീഴടങ്ങണമെന്നും കോടതി പറഞ്ഞു. തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കെജ് രിവാൾ ഇന്നുതന്നെ മോചിതനായേക്കും.

കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷം അദ്ദേഹം ഇവിടെയുണ്ടായിരുന്നു. 21 ദിവസമാണ് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നത്. അതുകൊണ്ട് അറസ്റ്റിന് മുമ്പോ ശേഷമോ ഉള്ളകാര്യങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

പുറത്തിറങ്ങിയാൽ കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുകയോ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വാദംകേൾക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. ജാമ്യ ഉത്തരവിൽ ഇക്കാര്യം ഉണ്ടോയെന്നത് വ്യക്തമല്ല.

കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിയും കേന്ദ്ര സർക്കാരും ശക്തമായി എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കേന്ദ്ര സർക്കാരും ഇ.ഡി.യും സുപ്രീംകോടതിയിൽ വാദത്തിനിടെ വ്യക്തമാക്കുകയുണ്ടായി. 2022-ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21-നാണ് കെജ് രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *