
Perinthalmanna Radio
Date: 18-05-2024
പെരിന്തൽമണ്ണ: കിണർ മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായതോടെ ശുദ്ധജലം മുട്ടിയതിനാൽ അങ്ങാടിപ്പുറത്തെ ഖാദി യൂണിറ്റിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ. കോഴിക്കോട് സർവോദയ സംഘത്തിനു കീഴിലെ ഖാദി ഇന്ത്യ ഖാദി ഗ്രാമോദ്യോഗ് ഭവൻ അങ്ങാടിപ്പുറം യൂണിറ്റിലുള്ളവരാണ് പ്രയാസത്തിലായത്. രണ്ടു മാസത്തിലേറെയായി കിണറ്റിൽ മലിനജലമാണ്.
അങ്ങാടിപ്പുറം തളി ജംക്‌ഷൻ മുതൽ ഓരാടംപാലം വരെയുള്ള റോഡിന് അരികിലെ അഴുക്കുചാലിൽ പൂർണമായി മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതാണ് കിണറിലെ വെള്ളം മലിനമാകാൻ കാരണമെന്നാണ് കരുതുന്നത്. അധികൃതർ കയ്യൊഴിഞ്ഞതോടെ ജീവനക്കാർ സ്വന്തം ചെലവിൽ കിണർ ശുചീകരിച്ചെങ്കിലും വീണ്ടും കിണറ്റിൽ രൂക്ഷ ഗന്ധമുള്ള മലിനജലമാണ് എത്തിയത്.
24 സ്ഥിരം ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാപനത്തിൽ കിണർ മലിനമായതിനെ തുടർന്ന് 14 പേർ മാത്രമാണിപ്പോൾ ജോലിക്കെത്തുന്നത്. ബാക്കിയുള്ളവർ പലരും സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്‌ത് ഉൽപാദന സാമഗ്രികൾ എത്തിക്കുകയാണ്. ഏറെ ലാഭകരമായി പ്രവർത്തിക്കുന്ന യൂണിറ്റിൽ നല്ല രീതിയിൽ വിപണനവുമുണ്ട്. നൂൽ, ബെഡ്, റെഡിമെയ്‌ഡ് ഷർട്ടുകൾ എന്നിവയാണ് ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നത്.
ഇവിടെ വച്ചുള്ള വിപണനവും മറ്റു സെന്ററുകളിലേക്ക് കൊണ്ടുപോകുന്നതുമുണ്ട്. മാനേജർ വാർഡ് അംഗത്തിനും പഞ്ചായത്ത് അധികൃതർക്കും പല തവണ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
