യാത്രക്കാർക്ക് കെഎസ്ആർടിസിയിൽ കുപ്പിവെള്ളം; പാഴ്സൽ വാതിൽപടിക്കൽ എത്തും

Share to

Perinthalmanna Radio
Date: 19-05-2024

പെരിന്തൽമണ്ണ: റെയിൽവേയിൽ ‘റെയിൽ നീർ’ എന്ന പോലെ കെഎസ്ആർടിസിയിൽ ഇനി ‘ഹില്ലി അക്വാ’. ഓടുന്ന ബസുകളിലടക്കം സംസ്ഥാന സർക്കാരിന്റെ സ്വന്തം കുപ്പിവെള്ളം വിതരണം ചെയ്യാൻ കെഎസ്ആർടിസി തീരുമാനം. സാധാരണ നിലയിൽ 15 രൂപയ്ക്കും ടിക്കറ്റ് റിസർവ് ചെയ്യുന്നവർക്ക് അതിലും കുറഞ്ഞ നിരക്കിലും നൽകും. വാണിജ്യ വിഭാഗത്തിന്റെ അവലോകന യോഗത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. ദീർഘദൂര സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് അടക്കമുള്ള സൂപ്പർ ക്ലാസ് ബസുകളിലാണ് വെള്ളം ലഭിക്കുക. കണ്ടക്ടറോ ഡ്രൈവറോ ഇതു നൽകും. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ കടകളിലും പാഴ്സൽ സർവീസ് കേന്ദ്രങ്ങളിലും ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലും ഹില്ലി അക്വാ വിതരണത്തിനുണ്ടാകും. 

സർക്കാർ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) ആണ് ഹില്ലി അക്വ ഉൽപാദിപ്പിക്കുന്നത്. ഇതിന്റെ വിതരണമാണ് കെഎസ്ആർടിസി ഏറ്റെടുക്കുന്നത്. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ചെറിയ രീതിയിൽ ആരംഭിച്ച വിതരണമാണ് വിപുലീകരിച്ച് സംസ്ഥാന വ്യാപകമാക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളിൽ തയാറാക്കും. പിന്നീട് ബോർഡ് യോഗത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി യാഥാർഥ്യമാകും. 

കെഎസ്ആർടിസിയുടെ പാഴ്സൽ സംവിധാനം വാതിൽപടി രൂപത്തിലാക്കാൻ  പദ്ധതി. നിലവിൽ ഡിപ്പോകളിലെത്തി പാഴ്സൽ ശേഖരിക്കുന്നതിനു പകരം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നൽകും. ഫ്രാഞ്ചൈസികളുടെ സഹായത്തോടെ ഇത് നടപ്പാക്കാമെന്നാണ് യോഗത്തിൽ നിർദേശമുണ്ടായത്. കെഎസ്ആർടിസി പരിസരത്ത് സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്കു ചാർജ് ചെയ്യാവുന്ന സൗകര്യം, സ്വകാര്യ വാഹനങ്ങൾ പൊളിച്ചു നൽകാൻ സൗകര്യം തുടങ്ങിയ ആശയങ്ങളും അവതരിപ്പിച്ചു. നിലവിൽ ഉപയോഗമില്ലാതെ കിടക്കുന്ന കെഎസ്ആർടിസിയുടെ കെട്ടിടങ്ങളും ഭൂമിയും വാടകയ്ക്കോ പാട്ടത്തിനോ നൽകാൻ വ്യവസ്ഥകൾ ലഘൂകരിച്ച് കൂടുതൽ പേരെ ആകർഷിക്കുക, ഏജൻസികളെ ഒഴിവാക്കി ബസുകളിൽ പരസ്യം നൽകുന്നതിന് നേരിട്ട് നടപടി സ്വീകരിക്കുക, ബസ് സ്റ്റാൻഡുകളുടെ റേറ്റിങ് നടത്തി യാത്രക്കാർക്ക് കന്റീനിലടക്കം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *