
Perinthalmanna Radio
Date: 20-05-2024
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ ഹജ്ജ് സംഘം ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് പുറപ്പെടും. പുലർച്ചെ 12.05-നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 166 തീർഥാടകരുമായി ജിദ്ദയിലേക്ക് പറന്നുയരുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളും യാത്രതിരിക്കും.
ആദ്യവിമാനം പുലർച്ചെ 3.50-ന് ജിദ്ദയിലെത്തും. ആദ്യവിമാനത്തിൽ പുറപ്പെടുന്ന തീർഥാടകർ രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചയ്ക്ക് 12 മണിക്കും മൂന്നാമത്തെ സംഘം ഉച്ചയ്ക്ക് രണ്ടുമണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് ഹജ്ജ് ഹൗസിൽ നടക്കും. വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. 59 വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജിനായി എയർ ഇന്ത്യ എക്പ്രസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വെയിറ്റിങ് ലിസ്റ്റിൽനിന്ന് ഇതിനകം അവസരം ലഭിച്ചവർക്കുള്ള അധികവിമാനവും ജൂൺ ഒൻപതിനു മുൻപുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിവസവും മൂന്ന് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് സർവീസ് നടത്തുക. ജൂൺ എട്ടിന് നാലു വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ ഈമാസം 25 മുതൽ ഹജ്ജ് ക്യാമ്പ് തുടങ്ങും. 26-നാണ് കൊച്ചിയിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. മേയ് 31-ന് കണ്ണൂരിലും ഹജ്ജ് ക്യാമ്പ് തുടങ്ങും. ജൂൺ ഒന്നിനാണ് കണ്ണൂരിൽനിന്നുള്ള യാത്ര. സൗദി എയർലൈൻസാണ് കൊച്ചി, കണ്ണൂർ കേന്ദ്രങ്ങളിൽനിന്നുള്ള സർവീസ് നടത്തുന്നത്. കൊച്ചിയിൽനിന്ന് ജൂൺ ഒൻപതുവരെ 17 സർവീസുകളും കണ്ണൂരിൽനിന്ന് ഒൻപത് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് കേരളത്തിൽനിന്ന് ഈ വർഷം ഹജ്ജിന് യാത്രയാകുന്നത്. ഇവരിൽ 7279 പേർ പുരുഷൻമാരും 10,604 പേർ സ്ത്രീകളുമാണ്. രണ്ടുവയസ്സിനു താഴെയുള്ള എട്ട് കുട്ടികളും ഇതിലുൾപ്പെടും. ജൂലായ് ഒന്നുമുതൽ 22 വരെയുള്ള കാലയളവിൽ മദീന വഴിയാണ് കേരളത്തിൽനിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
