പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിന്റെ ബോയ്‌സ്‌ ഹോസ്റ്റൽ കെട്ടിടം പൊളിക്കുന്നു

Share to

Perinthalmanna Radio
Date: 27-05-2024

അങ്ങാടിപ്പുറം : പഠനത്തിന്റെയും സൗഹൃദങ്ങളുടെയും ചെറുപിണക്കങ്ങളുടെയും വേദിയായിരുന്ന അങ്ങാടിപ്പുറത്തുള്ള പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിന്റെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം പൊളിക്കുന്നു. പുതിയത് പണിയുന്നതിനായാണ് വാസയോഗ്യമല്ലാതായി കാംപസിലെ നോക്കുകുത്തിയായിരുന്ന കെട്ടിടം പൊളിക്കുന്നത്.

അഞ്ചുപതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം വാസയോഗ്യമല്ലാതായിട്ട് പത്തുവർഷത്തോളമായി. 1962-ൽ ആൺകുട്ടികളുടെ ഹോസ്റ്റൽ അടക്കമുള്ള സൗകര്യങ്ങളോടെയാണ് കോളേജ് പ്രവർത്തനം തുടങ്ങിയത്. 180 കുട്ടികൾക്കുവരെ താമസസൗകര്യമുണ്ടായിരുന്നു. പതിവ് അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ പൊട്ടിപ്പൊളിഞ്ഞും ചോർന്നൊലിച്ചും നശിച്ചുതുടങ്ങി.

കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാൽ പൂട്ടിയിടേണ്ടിവന്നു. മലപ്പുറം മാത്രമല്ല കോഴിക്കോട്, പാലക്കാട്, വയനാട് അടക്കമുള്ള ജില്ലകളിലെ കുട്ടികളും ഹോസ്റ്റൽ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. സ്ഥിരം വാർഡനും പാചകക്കാരനുമുണ്ടായിരുന്നു.

ഹോസ്റ്റൽ സൗകര്യം ഇല്ലാതായതോടെ പഴയ ഹോസ്റ്റലിനു സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലും അങ്ങാടിപ്പുറത്തെ പലഭാഗങ്ങളിലുള്ള താമസ സ്ഥലങ്ങളിലുമാണ് ആൺകുട്ടികൾ താമസിക്കുന്നത്. താമസസൗകര്യമില്ലാത്തതിനാൽ അയൽജില്ലകളിൽനിന്നടക്കം മണിക്കൂറുകളോളം യാത്രചെയ്ത് കോളേജിലെത്തുന്നവരുമുണ്ട്.

ഈ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഹോസ്റ്റൽ നിർമാണത്തിനായി പ്രിൻസിപ്പൽമാർ പലതവണ അപേക്ഷ നൽകിയെങ്കിലും ഇത്തവണയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽനിന്ന് അനുമതി ലഭിച്ചത്. പുതിയ കെട്ടിടത്തിന് ഏഴുകോടി രൂപ ചെലവ് കണക്കാക്കുന്ന എസ്റ്റിമേറ്റാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം നൽകിയത്. ഈ തുകയ്ക്ക് അനുമതി പ്രയാസമായതിനാൽ അഞ്ചുകോടി രൂപയിലൊതുക്കി പുതിയ എസ്റ്റിമേറ്റ് നൽകി. ഈ എസ്റ്റിമേറ്റിലുള്ള പ്ലാനാണ് അംഗീകരിച്ചത്. ഘട്ടങ്ങളായി ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കും.

74 കുട്ടികൾക്ക് താമസിച്ചുപഠിക്കാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ടാകും. നിർമാണത്തിനുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണ്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉദ്ഘാടനം ചെയ്ത പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ കാംപസിനു പുറത്ത്‌ പ്രവർത്തിക്കുന്നുണ്ട്. പെരിന്തൽമണ്ണ- മഞ്ചേരി റൂട്ടിൽ കോളേജിന്റെ സ്വന്തമായുള്ളൊരു ബസും സർവീസ് നടത്തുന്നുണ്ട്. ഈ ഭാഗത്തുള്ള വിദ്യാർഥികൾക്ക് ആശ്വാസകരമാണ് ബസ് സർവീസ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *