
Perinthalmanna Radio
Date: 28-05-2024
പെരിന്തൽമണ്ണ: തീവണ്ടിയിലെ യാത്രക്കാരിയായ ഡോക്ടർക്ക് പാമ്പ് കടിയേറ്റതായി സംശയം. നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് വരുന്നവഴി വല്ലപ്പുഴ സ്റ്റേഷനിൽ എത്തും മുമ്പാണ് യാത്രക്കാരിക്ക് സീറ്റിനടിയിൽ നിന്നും കാലിൽ കടിയേറ്റത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ഷൊർണൂർ കുളപ്പുള്ളി വിഷ്ണു ആയുർവേദ ആശുപതിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി(25)ക്കാണ് കടിയേറ്റത്. വൈകാതെ ഗായത്രിയെ വല്ലപ്പുഴ സ്റ്റേഷനിലിറക്കി സമീപത്തെ ക്ലിനിക്കിലെത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വിഷാംശമേറ്റിട്ടില്ലെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. സംഭവത്തോടെ തീവണ്ടി ഷൊർണൂരിൽ എത്തി തിരികെ നിലമ്പൂരിലേക്ക് പോകുന്നതിന് മുമ്പായി ഡോക്ടർ യാത്ര ചെയ്തിരുന്ന കോച്ചിലെ യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. ശേഷം പരിശോധനയ്ക്കായി ശുചീകരണ തൊഴിലാളിയെയും സാങ്കേതിക ജീവനക്കാരനെയും നിയോഗിച്ചു.
പിന്നീട് നിലമ്പൂരിലെത്തിയാണ് കോച്ച് പരിശോധിച്ചത്. നിലമ്പൂർ സ്റ്റേഷനിൽ ഇതിനോടകം വനംവകുപ്പ് ജീവനക്കാർ എത്തിയിരുന്നു. ഇവർ ഒരു പാമ്പ് പിടുത്തക്കാരനെയും സ്റ്റേഷനിൽ എത്തിച്ചിരുന്നു. പരിശോധനയിൽ കോച്ചിൽ നിന്നും എലിയെ കണ്ടതായാണ് റെയിൽവെ സുരക്ഷാ സേന നൽകുന്ന വിവരം. അതുകൊണ്ടുതന്നെ പാമ്പായിരിക്കില്ല കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
