ഒലിങ്കര ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിൽ മലിനജല സംസ്കരണ സംവിധാനമില്ലാത്തത് ദുരിതമാകുന്നു

Share to

Perinthalmanna Radio
Date: 31-05-2024

പെരിന്തൽമണ്ണ: ഭൂരഹിത, ഭവനരഹിത കുടുംബങ്ങൾക്കായി ഒലിങ്കരയിൽ നഗരസഭ നിർമ്മിച്ച ലൈഫ്മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ മലിനജല സംസ്കരണ സംവിധാനമില്ലാത്തത് താമസക്കാരെ ദുരിതത്തിലാക്കുന്നു. മലിനജല ടാങ്കിന്റെ സ്ലാബ് പൊട്ടിയും ടാങ്ക് നിറഞ്ഞൊഴുകിയുമാണ് പരിസരത്ത് മലിനജലം ഒഴുകുന്നത്. പ്രദേശത്ത് ദുർഗന്ധവുമുണ്ട്. ഫ്ലാറ്റുകൾക്ക് അരികിലൂടെ ഒഴുകുന്ന മലിനജലം താഴ്ഭാഗത്ത് വലിയ കുഴി നിർമ്മിച്ച് സംഭരിക്കുകയാണ്. മഴകൂടി പെയ്തതോടെ കുഴി നിറഞ്ഞതും പ്രതിസന്ധിയുണ്ടാക്കുന്നു.

മഴ ശക്തമാകുന്നതിന് മുൻപ് പരിഹാരം കണ്ടില്ലെങ്കിൽ ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന സമുച്ചയങ്ങളിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുമുണ്ടെന്ന് താമസക്കാർ പറയുന്നു. അതേസമയം 400 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റിന് അനുസൃതമായ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കുന്നതിന് അക്വാ ടെക്‌നിക് എന്ന കമ്പനി 3.95 കോടി രൂപയുടെ ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടൻ അവരുമായി കരാറിലേർപ്പെട്ട് പ്രവൃത്തികൾ തുടങ്ങുമെന്നും നഗരസഭാധ്യക്ഷൻ പി. ഷാജി അറിയിച്ചു.

പകർച്ചവ്യാധി പ്രതിരോധത്തിനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് തുടങ്ങിയ ഫ്ലാറ്റ് സമുച്ചയനിർമാണം പ്രളയം, കോവിഡ് സാഹചര്യങ്ങളാലുണ്ടായ സാമ്പത്തിക പ്രതിസന്ധികൊണ്ട് പൂർത്തിയാക്കാനായിട്ടില്ല. 400 കുടുംബങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടയിൽ ഗുണഭോക്താക്കളുടെ നിരന്തര ആവശ്യപ്രകാരം 200 കുടുംബങ്ങളാണ് ഫ്ളാറ്റിലെ അസൗകര്യങ്ങൾ അറിയിച്ചിട്ടും താമസിക്കുന്നത്. താമസം തുടങ്ങിയശേഷം ഉണ്ടാകുന്ന മലിനജലമടക്കമുള്ള വിഷയങ്ങളിൽ നഗരസഭ നിരന്തരം ഇടപെടുന്നുണ്ടെന്നും അധ്യക്ഷൻ അറിയിച്ചു.

പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് വെൽഫെയർ പാർട്ടി

പെരിന്തൽമണ്ണ: ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജല സംസ്കരണത്തിൽ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ദീർഘകാലമായി തുടരുന്ന മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.പി. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഹ്‌മത്ത് പത്തത്ത്, സെക്രട്ടറി പി.ടി. ഷൈമ ഷമീർ, പി.ടി. അബൂബക്കർ, എ. സൈഫുദ്ദീൻ, പി.ടി. സമീർ, അസീസ് പത്തത്ത്, അഷ്‌റഫ്, ഉസ്മാൻ പത്തത്ത്, ഡോ. നബീൽ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *