
Perinthalmanna Radio
Date: 31-05-2024
പെരിന്തൽമണ്ണ: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് സാമൂഹികാധിഷ്ഠിത വിപണന വിതരണ സംവിധാനമൊരുക്കുന്ന കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലുമെത്തുന്നു. പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ മുഴുവൻ സി.ഡി.എസുകളിലും സമ്പൂർണ ഹോംഷോപ്പ് പ്രഖ്യാപനം നടത്തും. ജില്ലയിൽ 5,000 പേർക്കുകൂടി തൊഴിൽ ലഭ്യമാകും.
സമ്പൂർണ ഹോംഷോപ്പ് പദ്ധതിക്കായി മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ജില്ലാമിഷൻ ഉദ്യോഗസ്ഥർ, സി.ഡി.എസ്. ചെയർപേഴ്‌സൺമാർ എന്നിവർക്കുള്ള ഏകദിന പരിശീലനം പൂർത്തിയായി. പരിശീലനം നേടിയവരെയെല്ലാം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ വിന്യസിക്കും. ഇവർക്ക് ഓരോ സി.ഡി.എസ്സിന്റെയും ഉത്തരവാദിത്തം നൽകി വിവിധ ഘട്ടങ്ങളിലൂടെയാണ് സമ്പൂർണമാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ നിലവിലുള്ള ആയിരം ഹോംഷോപ്പ് ഉടമകളുടെ എണ്ണം മൂവായിരമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നാലായിരം ഉത്പാദന യൂണിറ്റുകളാണ് ജില്ലയിൽ നിലവിലുള്ളത്.
രണ്ടുവർഷത്തിനുള്ളിൽ ഹോംഷോപ്പിലൂടെ മലപ്പുറത്ത് എട്ടുകോടി രൂപയുടെ വില്പന നടത്താനായി. മാസം 25,000 രൂപവരെ വരുമാനമുണ്ടാക്കുന്ന ഉടമകളുണ്ട്. ഓൺലൈനിലൂടെയും ഉത്പന്നങ്ങൾ വാങ്ങുന്നതിന് കുടുംബശ്രീയുടെ തന്നെ പോക്കറ്റ് മാർട്ട് ആപ്പിൽ സൗകര്യമൊരുക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ഹോം ഷോപ്പിൽ വിൽക്കുന്നതിന് ജില്ലാമിഷന് അപേക്ഷ നൽകണം. പരിശോധിച്ച് ഗുണനിലവാരവും മറ്റും ഉറപ്പുവരുത്തുന്ന സമിതിയുടെ അംഗീകാരത്തോടെയേ വില്പനയ്ക്കെത്തിക്കൂ. ഇതിലൂടെ മികച്ച ഉത്പന്നം ലഭ്യമാകും. സോപ്പ്, അലക്കുപൊടി, ഭക്ഷ്യ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വിൽക്കുന്നത്.
കുടുംബശ്രീ ഉത്പാദകർക്ക് കാര്യക്ഷമമായ വിതരണ-വിപണന ശൃംഖലയുണ്ടാക്കി സംരംഭകർക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരവും ന്യായവിലയുമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോം ഷോപ്പ് പ്രവർത്തിക്കുന്നത്. ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന ഏഴ് ബ്ലോക്കുകളിലെയും മുഴുവൻ പഞ്ചായത്ത് വാർഡുകളിലും രണ്ടുവീതം ഹോംഷോപ്പ് ഓണർമാരെ കണ്ടെത്തി നിയമിക്കുകയും മുഴുവൻ ബ്ലോക്കുകളിലും പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങുകയുമാണ് ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത്, സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ ആർ.എസ്. ഷൈജു, ജില്ലാ പ്രോഗ്രാം മാനേജർ പി. റിനീഷ് എന്നിവർ അറിയിച്ചതാണ് ഇത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
