
Perinthalmanna Radio
Date: 02-06-2024
പെരിന്തൽമണ്ണ: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്‌എസ്‌എല്‍സി മൂല്യ നിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയന വർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍.
കാലവർഷം എത്തിയെങ്കിലും അതൊരു പ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവം എന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂള്‍ തുറക്കല്‍. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠ പുസ്തകങ്ങള്‍ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഇതിനകം കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസില്‍ അക്ഷരമാലയും തിരികെയെത്തി.
എസ്‌എസ്‌എല്‍സി മൂല്യ നിർണ്ണയത്തിലെ മാറ്റമാണ് ഈ വർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ല്‍ അവസാനിപ്പിച്ച വിഷയങ്ങള്‍ക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടു വരികയാണ്. നിരന്തര മൂല്യ നിർണ്ണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതല്‍ പ്രതീക്ഷിക്കേണ്ട.
അതേ സമയം, എല്ലാം ഒരുങ്ങിയെന്ന് പറയുമ്പോഴും ആശങ്കകള്‍ ഒരുപാട് ബാക്കിയാണ്. മലബാറിലെ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയല്‍ അലോട്ട്മെൻറ് തീർന്നപ്പോള്‍ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. സ്ഥലം മാറ്റത്തിലെ തീരാത്ത പ്രതിസന്ധി മൂലം എണ്ണായിരത്തോളം അധ്യാപകർ ത്രിശങ്കുവിലാണ്. അധ്യാപകരുടെ സ്ഥലം മാറ്റത്തിലെ പ്രശ്നം എന്ന് തീരുമെന്നും ഇതു വരെ ഉറപ്പില്ല. ഇതു കൂടാതെ പൊതു വിദ്യാലയങ്ങളില്‍ പതിനായിരത്തോളം അധ്യാപകരുടെ കുറവും പ്രതിസന്ധിയായി തുടരുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
