മോദിതന്നെ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും

Share to

Perinthalmanna Radio
Date: 06-06-2024

ന്യൂഡൽഹി: വികസനത്തിന് രാജ്യത്തും സംസ്ഥാനത്തും ബി.ജെ.പി. ഭരണം എന്ന മുദ്രാവാക്യത്തിലൂന്നി 10 വർഷം നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിട്ട മോദി മൂന്നാംതവണ രാജ്യം ഭരിക്കുക ശരിക്കും ഇരട്ട എൻജിന്റെ ശക്തിയിൽ. എൻ.ഡി.എ.യിൽ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യു. എന്നിവയാകും മുന്നണിയിലെ ഇരട്ട എൻജിൻ. ഈ ഇരട്ട എൻജിനുകളെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ വിലയിരുത്തലുകൾക്കിടയിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ എൻ.ഡി.എ.യും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യസഖ്യവും കൂടിയാലോചനകളും ചർച്ചകളും ആരംഭിച്ചു. സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പിച്ച് മൂന്നാംസർക്കാർ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രിയുടെ വസതിയിൽച്ചേർന്ന എൻ.ഡി.എ. തീരുമാനിച്ചു. സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്രമോദിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

വെള്ളിയാഴ്ച എൻ.ഡി.എ. ലോക്‌സഭാംഗങ്ങളുടെ യോഗം ഡൽഹിയിൽച്ചേർന്ന് മോദിയെ പാർലമെന്ററി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് മോദിയും സഖ്യകക്ഷിനേതാക്കളും രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കണ്ട് സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച രാത്രി എട്ടിന് നടക്കുമെന്നാണ് സൂചന. രാഷ്ട്രപതിഭവനിൽ ഒരുക്കങ്ങളാരംഭിച്ചു. 272 എന്ന കേവലഭൂരിപക്ഷം ഒരു പാർട്ടിയും നേടാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നനിലയിൽ മന്ത്രിസഭാ രൂപവത്കരണത്തിന് 240 സീറ്റുള്ള ബി.ജെ.പി.യെയായിരിക്കും രാഷ്ട്രപതി ആദ്യം ക്ഷണിക്കുക. പാർട്ടികളുടെ പിന്തുണ രേഖാമൂലം ഉറപ്പുനൽകുന്ന കത്തുകൾ രാഷ്ട്രപതിക്ക് കൈമാറിക്കൊണ്ടായിരിക്കും കക്ഷിനേതാവ് മന്ത്രിസഭാ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കുക. 293 സീറ്റാണ് എൻ.ഡി.എ. നേടിയത്. ചില സ്വതന്ത്രരുടെ പിന്തുണയും തേടുന്നുണ്ട്.

ബുധനാഴ്ച 11.30-ന് രണ്ടാം മോദിമന്ത്രിസഭയുടെ അവസാനയോഗം മന്ത്രിസഭയുടെ രാജി സമർപ്പിക്കാനും പതിനേഴാം ലോക്‌സഭ പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. പ്രധാനമന്ത്രി 1.50-ന് രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കണ്ട്‌ കത്ത് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടാൻ ഉത്തരവുനൽകി. പുതിയ മന്ത്രിസഭ അധികാരമേൽക്കുംവരെ തുടരാൻ മോദിയോട് അഭ്യർഥിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *