
Perinthalmanna Radio
Date: 10-06-2024
അങ്ങാടിപ്പുറം: പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാൻ നടപടി തുടങ്ങി. മുഴുവൻ വളണ്ടിയർമാരും ഒന്നോ രണ്ടോ വാർഡിൽ ഒന്നിച്ച് മാലിന്യമെടക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ അവ സംഭരണ കേന്ദ്രത്തിൽ വച്ച് വേർതിരിക്കുകയും ലോഡ് തികയുന്ന മുറക്ക് അതിലെ റിജക്റ്റഡ് വേസ്റ്റ് ക്ലീൻ കേരള കമ്പനി വഴി കയറ്റി അയക്കുകയും ചെയ്യുന്ന രീതി അവലംഭിക്കും. ഇതു വരെ ചെയ്തു വന്നത് മൊത്തം മാലിന്യം ശേഖരിക്കുകയും അവ സംഭരണ കേന്ദ്രത്തിൽ കൊണ്ടു വന്നിടുകയും വേർതിരിച്ചവ അവിടുന്ന് കൊണ്ടു പോകാൻ പാകത്തിൽ തയ്യാറാക്കി വെക്കാതെ കൂട്ടിയിടുകയും ചെയ്യുകയായിരുന്നു.
വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം പ്ലാസ്റ്റിക് അടക്കമുള്ളവ വേർതിരിച്ചാൽ ബാക്കിയുള്ളവക്ക് കിലോഗ്രാം കണക്കാക്കി ഹരിത കർമ്മ സേനയ്ക്ക് പണം കിട്ടും. പ്ലാസ്റ്റിക് അടക്കം പാഴ് വസ്തുക്കൾ റിജെക്റ്റഡ് മാലിന്യം കിലോഗ്രാമിന് 10.50 രൂപ കണക്കാക്കി ക്ലീൻ കേരള കമ്പനിക്ക് അങ്ങോട്ട് പണം കൊടുക്കണം.
വേർതിരിക്കാതെ ഇവ കയറ്റി അയച്ചു വന്നപ്പോൾ സംഭവിച്ചത് ഹരിത കർമ്മ സേനയ്ക്ക് കിട്ടേണ്ട വരുമാനം കുറയുകയും മൊത്തം മാലിന്യം തൂക്കി അതിന് 10.50 രൂപ കിലോക്ക് കണക്കാക്കിയപ്പോൾ പഞ്ചായത്തിന് ഭീമമായ ചെലവ് വരികയും ചെയ്തു. വേർതിരിച്ച് ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഇതര മാലിന്യത്തിന് വില ലഭിക്കും.എന്നാൽ ആ വസ്തുക്കൾക്ക് കൂടി തൂക്കി ഭാരം കണക്കാക്കി പഞ്ചായത്ത് അങ്ങോട്ട് വില നൽകി വരികയായിരുന്നു. ഹരിതകർമ്മ സേനയുടെ പ്രവർത്തനം വ്യവസ്ഥാപിതമായി ക്രമീകരിക്കാൻ ഭരണ സമിതിയിൽ മുൻപേ മുൻപേ അഭിപ്രായം ഉണ്ടായിരുന്നു .
ജില്ലയിൽ ഒരു പഞ്ചായത്തിലും ഇല്ലാത്തവിധം വീടുകളിൽ നിന്ന് ശേഖരിച്ച ലോഡ് കണക്കിന് മാലിന്യം വെയിലും മഴയും കൊണ്ട് പകർച്ച രോഗ ഭീഷണി പരത്തുന്ന വിധത്തിൽ കിടക്കുകയാണ് അങ്ങാടിപ്പുറം പഞ്ചായത്തിൽ. ഹരിത കർമ്മ സേനക്ക് കൂടി വരുമാനം ലഭിക്കുന്നതാണ് വേർതിരിച്ച് റിജെക്റ്റഡ് മാലിന്യം കെട്ടുകളാക്കി നൽകുന്നത്. ഇത് വൻകിട സിമന്റ് കമ്പനികളിലേക്കാണ് കൊണ്ടു പോകുന്നത്. വേർതിരിക്കാതെ കൊണ്ടു പോയാൽ കൊടുക്കുന്നേടത്ത് ഇവ വേർതിരിച്ചു റിജക്റ്റഡ് മാലിന്യം വേർതിരിക്കുകയും ബാക്കിയുള്ളതിന് അവർ വില കണക്കാക്കി സ്വന്തമാക്കുകയും ചെയ്യും. ജില്ലയിലെ എ ഗ്രേഡ് പഞ്ചായത്തായ അങ്ങാടിപ്പുറത്ത് കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കണമെന്ന് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർ കറുമുക്കിൽ, വാക്കാട്ടിൽ സുനിൽ ബാബു ഹരിത കർമസേനയുടെ മെമ്പർ കോർഡിനേറ്റർ പി പി ശിഹാബ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജയകുമാർ സിക്കെ എന്നിവർ അഭിപ്രായപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
