കരിപ്പൂർ എയർപോർട്ടിൽ പാർക്കിങ് ഫീസ് പരിഷ്കരിച്ചു

Share to

Perinthalmanna Radio
Date: 15-08-2024

കൊണ്ടോട്ടി: കോഴിക്കോട് വിമാന താവളത്തിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ഫീസ് പരിഷ്കരിച്ചു. പുറത്തുനിന്നുള്ള ടാക്സികൾക്ക് 226 രൂപയായാണ് പുതുക്കിയത്. സ്വകാര്യ കാറുകൾ അര മണിക്കൂറിന് 40 രൂപ ഫീസ് നൽകണം. നേരത്തേ 20 രൂപയായിരുന്നു. 30 മിനിറ്റുകഴിഞ്ഞാൽ രണ്ടുമണിക്കൂർ വരെ സ്വകാര്യ കാറുകൾ 65 രൂപ നൽകണം. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപ വീതം അധികം നൽകണം. പരിഷ്കാരം വെള്ളിയാഴ്ച പുലർച്ച 12 മണിമുതൽ പ്രാബല്യത്തിൽ വരും.

വിമാനത്താവളത്തിൽ പ്രവേശിച്ച് പുറത്തുകടക്കാനുള്ള സൗജന്യസമയം ആറിൽനിന്ന് 11 മിനിറ്റ് ആക്കി. ഈ സമയത്തിനകം പുറത്തിറങ്ങുന്ന വാഹനങ്ങളിൽനിന്ന് പണം ഈടാക്കില്ല. മാളുകൾക്ക് സമാനമായി ഓട്ടോമാറ്റിക് ഗേറ്റും ഫാസ്ടാഗ് സംവിധാനവും ഒരുങ്ങിയിട്ടുണ്ട്. പ്രധാന കവാടത്തിലും പാർക്കിങ് മേഖലകളിലും വാഹനങ്ങളെത്തുന്ന സമയം ക്യാമറകൾ പകർത്തും. പാർക്കിങ് മേഖലയിൽ പ്രവേശിക്കുന്ന സമയവും പുറത്തിറങ്ങുന്ന സമയവും രേഖപ്പെടുത്തും.

അന്താരാഷ്ട്ര പാർക്കിങ് ഏരിയയിൽ ഒൻപതുമിനിറ്റും ആഭ്യന്തര ടെർമിനൽ മേഖലയിൽ ഏഴുമിനിറ്റും വാഹനം സൗജന്യമായി നിർത്തിയിടാം. ഇതിൽ കൂടിയാൽ അരമണിക്കൂർ പാർക്കിങ് ഫീസ് നൽകണം. ഫാസ്ടാഗിൽനിന്ന് ഈ തുക പിടിക്കും. വിമാനത്താവളത്തിലെ അംഗീകൃത ടാക്സികൾ ഒഴികെയുള്ളവ പ്രധാന കവാടം കടന്നാൽ 226 രൂപ ഫീസ് നൽകണം. ടെർമിനലിന് മുൻപിൽനിന്ന് ആളുകളെ കയറ്റുകയാണെങ്കിൽ 283 രൂപ നൽകേണ്ടിവരും. മിനി ബസ്, ബസ് തുടങ്ങിയ വാഹനങ്ങൾക്കും ഇതേ നിരക്കായിരിക്കും.

പുറമേനിന്ന് ടാക്സിയിലെത്തുന്ന യാത്രക്കാർക്ക് ഈ പരിഷ്കാരം വലിയ പ്രയാസമാകും. പാർക്കിങ് ഫീസ് നൽകാൻ കഴിയാത്ത യാത്രക്കാർ പ്രധാന പ്രവേശനകവാടത്തിന് മുൻപിൽ റോഡിൽ വാഹനം ഇറങ്ങി ടെർമിനലിലേക്ക് നടന്നുവരേണ്ടി വരും. അനധികൃത ടാക്സി വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും ടെർമിനലിന് മുൻപിലെ അനാവശ്യ തിരക്കും വാഹനക്കുരുക്കും ഒഴിവാക്കുന്നതിനുമാണ് പരിഷ്കാരം വരുത്തിയതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവർമാർക്ക് പുതിയ പരിഷ്‌കാരം നേട്ടമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *