ജൂബിലി റോഡ് – ബസ് സ്റ്റാൻഡ് റോഡ് ജങ്ഷനിൽ മുന്നറിയിപ്പ് സംവിധാനങ്ങളില്ല

Share to

Perinthalmanna Radio
Date: 19-08-2024

പെരിന്തൽമണ്ണ : നഗരത്തിലെ പ്രധാന ബൈപ്പാസ് റോഡുകളിൽ ഒന്നായ ജൂബിലി റോഡിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന ജങ്ഷനിൽ മുന്നറിയിപ്പു സംവിധാനങ്ങളില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. ജങ്ഷനിൽ നിന്ന് മീറ്ററുകൾ മാറിയാണ് കൈനിക്കാട് ക്ഷേത്രവും തേക്കിൻകോട് ഭാഗത്തേക്ക് പോകുന്ന റോഡുമുള്ളത്.

നാലു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ജങ്ഷനിൽ ഒരുമിച്ചെത്തുന്നതാണ് അപകടസാധ്യതയേറ്റുന്നത്. ജങ്ഷൻ ആണെന്നുള്ളതിന്റെ മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇവിടെയില്ല. കോഴിക്കോട് റോഡിനെയും പട്ടാമ്പി -ചെർപ്പുളശേരി റോഡുകളെയും ബന്ധിപ്പിക്കുന്ന ജൂബിലി ബൈപ്പാസിലൂടെ ചരക്കു വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന പോകുന്നത്.

ജങ്ഷനിൽ നിന്ന് ജൂബിലി റോഡിൽ ഇരു ഭാഗത്തേക്കും ഏറെ ദൂരം വളവുകളും കയറ്റിറക്കങ്ങളുമില്ലാത്തതിനാൽ വാഹനങ്ങൾ വേഗതയിലാണു വരുന്നത്. ഇതിനിടയിലേക്ക് ബസ് സ്റ്റാൻഡ് റോഡിൽ നിന്നും കയറിവരുന്ന വാഹനങ്ങൾ പെട്ടെന്ന് തിരിയുന്നതും അപകടങ്ങൾക്കിടയാക്കുന്നു.

വർഷങ്ങൾ മുൻപ് ഈ റോഡിൽ നിന്നെത്തിയ സ്‌കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച അപകടമുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്ക് അപകടങ്ങളുണ്ടാവുന്നതായി നാട്ടുകാർ പറയുന്നു. പലപ്പോഴും ഡ്രൈവർമാർ ശ്രദ്ധിക്കുന്നതിനാലാണ് അപകടം ഒഴിവാകുന്നത്. പുതിയ മൂസക്കുട്ടി ബസ് സ്റ്റാൻഡ് സജീവമായതോടെയാണ് ജൂബിലി -ബസ് സ്റ്റാൻഡ് ജങ്ഷനിലും തിരക്കേറിയത്. ജൂബിലി റോഡിൽ നിന്ന് ദേശീയപാതയിലേക്കും മാനത്തുമംഗലം ബൈപ്പാസിലേക്കും പോകാനാവുന്നതാണ് മൂസക്കുട്ടി ബസ് സ്റ്റാൻഡ് റോഡ്.
സ്റ്റാൻഡിൽ നിന്ന് പട്ടാമ്പി-ചെർപ്പുളശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ പോകുന്നതും മലപ്പുറം ഭാഗത്തുനിന്ന് സ്റ്റാൻഡിലേക്കുള്ള ബസുകൾ വരുന്നതും ജൂബിലി റോഡിലെ ഈ ജങ്ഷനിലൂടെയാണ്. നവീകരണത്തിനു ശേഷം ചെറു വാഹനങ്ങളും ബസ് സ്റ്റാൻഡ് റോഡ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

നിലവിൽ ഇതുവഴി ബസുകൾ ബസ് സ്റ്റാൻഡ് റോഡിലേക്കും തിരിച്ചും പോകുന്നതിന് പ്രയാസം നേരിടുന്നുണ്ട്. എതിർ ഭാഗത്തു നിന്ന് വാഹനം വന്നാൽ കുടുങ്ങുന്ന സ്ഥിതിയുമുണ്ട്.
ജങ്ഷൻ പരമാവധി വീതി കൂട്ടുകയും ജങ്ഷനാണെന്ന് ഡ്രൈവർമാർക്ക് ബോധ്യപ്പെടുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

ജൂബിലി ബൈപ്പാസ് റോഡിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് നവീകരിക്കുന്നതിന് നഗരസഭ രണ്ടരക്കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. വീതികൂട്ടൽ, ഓടനിർമാണം, വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കൽ, താഴ്ന്ന ഭാഗങ്ങൾ നിരപ്പാക്കൽ തുടങ്ങിയവ ഉൾപ്പെടെയാണ് പദ്ധതി. ഈ സാഹചര്യത്തിൽ ജൂബിലി-ബസ് സ്റ്റാൻഡ് ജങ്ഷന്റെ നവീകരണത്തിനു കൂടി പദ്ധതി തയാറാക്കണമെന്നാണ് ആവശ്യമുയരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *