
Perinthalmanna Radio
Date: 22-08-2024
പെരിന്തൽമണ്ണ : പൊതുഗതാഗത സംവിധാനം ശാക്തീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് നടത്തുന്ന പെരിന്തൽമണ്ണ താലൂക്കുതല ജനകീയസദസ്സ് വെള്ളിയാഴ്ച നടക്കും. സദസ്സിന് മുന്നോടിയായി പൊതുജനങ്ങൾക്ക് പ്രദേശത്തെ യാത്രാക്ലേശത്തെക്കുറിച്ചും പുതിയ റൂട്ടുകളുടെ സാധ്യതകളെക്കുറിച്ചും അറിയിക്കാൻ സൗകര്യം നൽകിയിരുന്നു. ഇതുവരെ 17 നിവേദനങ്ങളാണ് പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫീസിൽ ലഭിച്ചത്. ഇതിൽ എട്ടെണ്ണം പുതിയ റൂട്ടുകളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണെന്ന് വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
ഇവിടങ്ങളിലേക്ക് ബസ് സർവീസ് തുടങ്ങുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ എം.വി.ഐ. മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റൂട്ടുകൾ തയ്യാറാക്കി വെള്ളിയാഴ്ച ചേരുന്ന ജനകീയസദസ്സിൽ അവതരിപ്പിച്ച് ചർച്ചചെയ്യും. തുടർന്ന് റൂട്ട് സ്കെച്ചും മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തി സർക്കാരിലേക്ക് അയയ്ക്കും. സർക്കാർ തലത്തിൽ വിശദപരിശോധന നടത്തിയശേഷം റൂട്ട് നോട്ടിഫൈ ചെയ്യുന്നതോടെ ബസ് സർവീസുകൾ തുടങ്ങാനാകും. ഇതുവരെ ബസ് സർവീസ് ഇല്ലാത്ത റൂട്ടുകൾ, യാത്രാക്ലേശമുള്ള റൂട്ടുകൾ തുടങ്ങിയവയെക്കുറിച്ചാണ് ജനകീയസദസ്സ് ചർച്ചചെയ്യുക. നിലവിൽ ലഭിച്ച നിർദേശങ്ങളിൽ പുതിയ റോഡ് സൗകര്യങ്ങൾ വന്നിട്ടും ബസ് സർവീസ് ഇല്ലാത്തവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏഴ് റൂട്ടുകൾ ഇത്തരത്തിലുള്ളതാണ്.
ഉൾനാടുകളിൽക്കൂടി പോകുന്നതും ബസ്സില്ലാത്തതിനാൽ നിരവധി വിദ്യാർഥികൾ മറ്റ് സംവിധാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന റൂട്ടുകളാണിവ. പുതിയ റൂട്ടുകൾ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരമാണ് സബ് ആർ.ടി.ഓഫീസുകളുടെ മേൽനോട്ടത്തിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. നിലവിൽ സർവീസ് ഇല്ലാത്ത റൂട്ടുകളും ലാഭകരമായി സർവീസ് നടത്താവുന്ന റൂട്ടുകളും കണ്ടെത്തുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച രണ്ടിന് പെരിന്തൽമണ്ണ നഗരസഭാ ഹാളിലാണ് ജനകീയസദസ്സ് നടത്തുന്നത്. എം.എൽ.എ.മാർ, നഗരസഭാധ്യക്ഷൻ, മറ്റ് ജനപ്രതിനിധികൾ, ബസുടമകൾ, തൊഴിലാളികൾ, പോലീസ്, പൊതുമരാമത്ത്, മോട്ടോർ വാഹനവകുപ്പ്, കെ.എസ്.ആർ.ടി.സി. തുടങ്ങിയവയുടെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
