മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ചാലിയാര്‍ പുഴയിലെ തെരച്ചില്‍ 26 ദിവസം പിന്നിടുന്നു

Share to

Perinthalmanna Radio
Date: 26-08-2024

വയനാട് മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി ചാലിയാര്‍ പുഴയില്‍ നടത്തുന്ന തെരച്ചില്‍ ഇരുപത്തിയാറ് ദിവസം പിന്നിടുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസത്തെ തെരച്ചിലില്‍ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജൂലൈ 31നാണ് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്നു കണ്ടെടുക്കാന്‍ തുടങ്ങിയത്. പതിനഞ്ച് ദിവസം പോലീസ്, അഗ്നിരക്ഷാസേന, എന്‍ഡിആര്‍എഫ്, ഇആര്‍എഫ്, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ തെരച്ചിലില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ 80 മൃതദേഹങ്ങളും 173 ശരീരഭാഗങ്ങളും കണ്ടെത്താനായി.ഇതില്‍ 41 പുരുഷന്‍മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

തെരച്ചില്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരോ ദുരന്തനിവാരണ അഥോറിറ്റിയോ ഉത്തരവ് പുറപ്പെടുവിക്കാത്തതിനാല്‍ തെരച്ചില്‍ തുടരുകയാണ്. പോലീസ്, എംഎസ്പി സേനയിലെ അറുപതോളം അംഗങ്ങള്‍, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലണ് തെരച്ചില്‍ നടത്തുന്നത്.

ഇന്നലെ എംഎസ്പി സേനാംഗങ്ങള്‍ തെരച്ചിലിനെത്തിയെങ്കിലും അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്താത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോയി. ചാലിയാറിന്‍റെ ഇരുട്ടുകുത്തിക്ക് താഴെയുള്ള ഭാഗങ്ങളിലാണ് കഴിഞ്ഞ പതിനൊന്ന് ദിവസമായി സേനാവിഭാഗങ്ങള്‍ പരിശോധന നടത്തുന്നത്.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിന്‍റെ തീരങ്ങളില്‍ പുതിയതായി രൂപപ്പെട്ട മണ്‍തിട്ടകള്‍ക്കടിയില്‍ മാത്രമേ ഇനി മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അതിശക്തമായ മഴ പെയ്ത് ഈ മണ്‍തിട്ടകള്‍ ഒലിച്ച്‌ പോകുമ്ബോള്‍ മാത്രമേ ഇവ കണ്ടെത്താനാകൂ. കണ്ടെത്തിയാല്‍ തന്നെ അസ്ഥികള്‍ മാത്രമായിരിക്കും ഇനി ലഭിക്കുക.

ഒരാഴ്ചയിലധികമായി മഴ മാറിയതിനെത്തുടര്‍ന്ന് ചാലിയാറില്‍ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. എങ്കിലും മുകളില്‍ നിന്നുള്ള നിര്‍ദേശം ലഭിക്കും വരെ തെരച്ചില്‍ തുടരാനാണ് പോലീസിന്‍റെ തീരുമാനം. 159 പേരെയാണ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *