ഇ-വാഹന ചാർജിങ് സ്റ്റേഷൻ; നിരക്കിന് നിയന്ത്രണവുമായി കേന്ദ്രം

Share to

Perinthalmanna Radio
Date: 31-08-2024

ഇ-വാഹന ചാർജിങ് സ്റ്റേഷനുകളിലെ തോന്നും പടി നിരക്കിന് തടയിടാൻ കേന്ദ്ര സർക്കാർ. നിരക്കും സർവീസ് ചാർജും ഏകീകരിക്കാനുള്ള മാർഗ നിർദേശങ്ങളുടെ കരട് കേന്ദ്ര ഊർജ മന്ത്രാലയം പുറത്തിറക്കി. രാവിലെ ഒൻപതുമുതൽ നാലുവരെ കുറഞ്ഞ നിരക്കും സർവീസ്‌ ചാർജുമാണ് നിർദേശിക്കുന്നത്. രാത്രിയിൽ രണ്ടും കൂടും.

ഇപ്പോൾ ചാർജിങ് സ്റ്റേഷനുകളിൽ നിരക്കിനും സർവീസ് ചാർജിനും പരിധിയില്ല. രാത്രിയും പകലും തുകയിൽ വ്യത്യാസമില്ല.

സംസ്ഥാനത്ത് കെഎസ്.ഇ.ബി.യിൽ നിന്ന് ചാർജിങ് സ്റ്റേഷനുകൾക്ക് നൽകുന്ന നിരക്ക് റെഗുലേറ്ററി കമ്മിഷൻ യൂണിറ്റിന് 5.50 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ചാർജിങ് സ്റ്റേഷനുകൾ തോന്നുന്ന സർവീസ് ചാർജും ചേർത്ത് വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്.

നിലവിൽ യൂണിറ്റിന് 18 രൂപ മുതൽ 30 രൂപ വരെയാണ് കേരളത്തിൽ ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണ ചെലവ് കണക്കിലെടുത്താൽ ഇത് 10 രൂപമുതൽ 27 രൂപവരെയായി കുറയാൻ കേന്ദ്ര നിർദേശം ഇടയാക്കും. സർവീസ് ചാർജിന്റെ പരിധിയാണ് കേന്ദ്രം നിശ്ചയിക്കുക. പരിധിക്കുള്ളിൽ നിന്ന് എത്ര വേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.

2026 മാർച്ച് 31 വരെയുള്ള നിരക്കുകളാണ് ഇപ്പോൾ കേന്ദ്രം നിർദേശിക്കുന്നത്. ഇത് ചാർജിങ് സ്റ്റേഷനുകൾക്ക് മാത്രമാണ് ബാധകം. എന്നാൽ, സ്വന്തം വീടുകളിൽ വീടുകളിലെ അതേ നിരക്കിൽ ചാർജ് ചെയ്യുന്നത് തുടരാം.

ഇ-വാഹന ചാർജിങ് സ്റ്റേഷനുകളിൽ വൈകുന്നേരം നാലിന് ശേഷം രാവിലെ ഒൻപതുവരെ 30 ശതമാനം വരെ അധിക നിരക്ക് ഈടാക്കാമെന്ന് കേന്ദ്ര നിർദേശം. ഫാസ്റ്റ് ചാർജിങ്ങിന് പകൽ യൂണിറ്റിന് 11.94 രൂപയും നാലിനുശേഷം 14.05 രൂപയുമാണ് പരമാവധി ഈടാക്കുന്ന സർവീസ് ചാർജ്. സംസ്ഥാനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് അന്തിമമായി തീരുമാനിക്കും. സ്ലോ, ഫാസ്റ്റ് ചാർജിങ്ങിന് സർവീസ് ചാർജ് വ്യത്യസ്തമായിരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *