
Perinthalmanna Radio
Date: 08-09-2024
പെരിന്തൽമണ്ണ : നഗരത്തിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജനകീയ സെമിനാർ ആലോചനയിലാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചു. ഔദ്യോഗിക സ്വഭാവത്തോട് കൂടിയുള്ള ഇടപെടൽ നടത്തുന്നതിനാണ് സെമിനാർ. ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുമടങ്ങുന്ന സെമിനാറിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും. കുരുക്കിന് പകരം പരിഹാരമെന്താണെന്നും അടിയന്തരമായി നടപ്പാക്കാനാകുന്ന കാര്യങ്ങളെന്തൊക്കെയാണെന്നും ചർച്ചചെയ്യും.
പുലാമന്തോൾ- മേലാറ്റൂർ പാതയുടെ നിർമാണവും അങ്ങാടിപ്പുറം അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കുമാണ് പെരിന്തൽമണ്ണ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ. പുലാമന്തോൾ റോഡുമായി ബന്ധപ്പെട്ട് കരാറുകാർ ചെറിയതോതിൽ പണി തുടങ്ങിയിട്ടുണ്ടെങ്കിലും അതുപോരെന്ന് അദ്ദേഹം പറഞ്ഞു. ടൗൺഹാൾ- കക്കൂത്ത് റോഡ് മൂന്നുകോടി ചെലവിൽ വീതികൂട്ടി നവീകരിച്ചു. മാട് റോഡ് വഴി ടൗണിൽ പ്രവേശിക്കാതെപോകാൻ റിങ് റോഡായി ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെരിന്തൽമണ്ണയിലെ റിങ് റോഡുകൾ പരമാവധി വീതികൂട്ടി നന്നാക്കുകയാണ് ടൗണിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ വേഗത്തിൽ ചെയ്യാവുന്നതെന്ന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ പറഞ്ഞു. ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്നുള്ള തണ്ണീർപ്പന്തൽ റോഡ്, ജൂബിലി റോഡ് തുടങ്ങിയവ അടിയന്തരമായി നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണക്കാലത്ത് ലഹരിക്കെതിരേയുള്ള ബോധവത്കരണം സ്കൂളുകളിൽ കാര്യക്ഷമമാക്കണമെന്ന് എ.ഇ.ഒ.യ്ക്ക് സമിതി നിർദേശം നൽകി. എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ തഹസിൽദാർ ഹാരിസ് കപ്പൂർ, എൽ.എ. തഹസിൽദാർ എ. വേണുഗോപാലൻ, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, അംഗങ്ങളായ ഹംസ പാലൂർ, എൻ.പി. ഉണ്ണിക്കൃഷ്ണൻ, കൃഷ്ണദാസ് ആൽപ്പാറ, സി. സേതുമാധവൻ തുടങ്ങിയവരും വിവിധവകുപ്പ് ഉദ്യോഗസഥരും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
