
Perinthalmanna Radio
Date: 09-09-2024
അങ്ങാടിപ്പുറം ∙ ഭക്തിയുടെ നിറവിൽ തിരുമാന്ധാംകുന്ന് ഭഗവതികണ്ടത്തിൽ നടീൽ യജ്ഞം. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ആറാട്ടുകടവിനക്കരെ 188 സെന്റ് വിസ്തൃതിയുള്ള ഭഗവതികണ്ടത്തിലേക്കു ചടങ്ങിന് ഒരു മണിക്കൂർ മുൻപുതന്നെ ഭക്തജനങ്ങളെത്തി വരമ്പുകളിൽ തയാറായിനിന്നു.
പന്തീരടീപൂജയ്ക്കുശേഷം കളത്തുംചാളക്കൽ കർഷക കുടുംബത്തിലെ മൂപ്പൻ കെ.സി.അയ്യപ്പൻ വരമ്പത്തു ഭദ്രദീപം തെളിച്ച് ഇളനീർ വെട്ടി ആടിയ ശേഷം ആദ്യ ഞാറ്റുമ്മുടി നടീലിനായി ദേവസ്വം അസിസ്റ്റന്റ് മാനേജർ എ.എൻ.ശിവപ്രസാദിനു കൈമാറി. അദ്ദേഹം വയലിലിറങ്ങി ആദ്യ നടീൽ നിർവഹിച്ചതോടെ നടീൽ യജ്ഞത്തിനു തുടക്കമായി.
വരമ്പിൽ കാത്തുനിന്ന നൂറുകണക്കിനു ഭക്തർ ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാർഥനാപൂർവം കണ്ടത്തിലിറങ്ങി നടീൽയജ്ഞത്തിന്റെ ഭാഗമായി. നടീലിനു ശേഷം ആറാട്ടുകടവിലിറങ്ങി ശുദ്ധി വരുത്തി ക്ഷേത്രത്തിൽ ഭഗവതിയെ തൊഴുതു മടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഇന്നലെ നടീൽ യജ്ഞത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈകിട്ടുള്ള തിരിഞ്ഞു പന്തീരടീപൂജയ്ക്കു മുൻപു നടീൽ പൂർത്തിയാക്കണമെന്നാണു പ്രമാണം.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽതന്നെ ഭഗവതികണ്ടം നട്ടുതീർത്തു. ക്ഷേത്രം വടക്കേ നടയിൽ ആഘോഷപൂർവം ചവിട്ടുകളിയും ഒരുക്കിയിരുന്നു. ചവിട്ടുകളിയുടെ ഭാഗമായവർക്കു ക്ഷേത്രത്തിൽനിന്നു നിവേദിച്ച പ്രസാദവും പാരിതോഷികവും നൽകി. ക്ഷേത്രത്തിൽ പ്രസാദയൂട്ടിൽ മൂവായിരത്തോളം പേരാണു പങ്കാളികളായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
