കോൺഗ്രസ് സ്വതന്ത്ര കൂറുമാറി; ഏലംകുളത്ത് ഭരണം എൽ.ഡി.എഫിന്

Share to

Perinthalmanna Radio
Date: 10-09-2024

ഏലംകുളം : ഇ.എം.എസിന്റെ ജന്മനാട്ടിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിച്ച് ഇടതുമുന്നണി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഡി.എഫിലെ സി. സുകുമാരനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം നഷ്ടപ്പെട്ടത്. കോൺഗ്രസ് സ്വതന്ത്രയായ ആറാം വാർഡ് അംഗം രമ്യ മാണിത്തൊടി കൂറുമാറി ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു.

ഇടതുപക്ഷം നൽകിയ അവിശ്വാസ നോട്ടീസിൽ തിങ്കളാഴ്ച രാവിലെ ചർച്ചയ്ക്കുശേഷം വോട്ടെടുപ്പ് നടത്തി. ഓപ്പൺ ബാലറ്റായിരുന്നു. ഒമ്പത്‌ അംഗങ്ങൾ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. ഏഴുപേർ എതിർത്തു. ഇരുമുന്നണികൾക്കും എട്ടുവീതം സീറ്റുകളാണുണ്ടായിരുന്നത്.

40 വർഷം തുടർച്ചയായി എൽ.ഡി.എഫ്. ഭരിച്ച പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് 2020 ഡിസംബറിൽ യു.ഡി.എഫ്. ഭരണം നേടിയത്. തുടർഭരണം നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. തിരിച്ചുപിടിക്കാൻ അവസരം നോക്കിയിരുന്ന എൽ.ഡി.എഫ്. ഒരു മാസത്തോളമായി ഭരണസമിതിക്കെതിരേ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. കോൺഗ്രസ് സ്വതന്ത്ര രമ്യയെ ഇതിനിടെ ഒപ്പം കൂട്ടുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ഇടതുപ്രവർത്തകരുടെ സംരക്ഷണത്തിലാണ് രമ്യയെ കോൺഫറൻസ് ഹാളിൽ എത്തിച്ചത്. വരണാധികാരിയായ പെരിന്തൽമണ്ണ ജോയിന്റ് ബി.ഡി.ഒ. സി. ഷൗക്കത്തലിയും മറ്റു ഉദ്യോഗസ്ഥരും നേരത്തെയെത്തി. 11-ന് ചർച്ച തുടങ്ങി. വോട്ടെടുപ്പിനുശേഷം 12.12-ഓടെ അവിശ്വാസപ്രമേയം പാസായതായി വരണാധികാരി അറിയിച്ചു. എൽ.ഡി.എഫ്. അംഗങ്ങൾ മുദ്രാവാക്യംവിളികളോടെ രമ്യയെയുംകൂട്ടി ഹാളിനു പുറത്തിറങ്ങി. താഴെ റോഡിലെത്തിയതും രമ്യ ഇടതുപ്രവർത്തകരുടെ വാഹനത്തിൽ കയറിപ്പോയി.

പഞ്ചായത്തിനു മുന്നിൽ എൽ.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. വൈസ് പ്രസിഡന്റിനെതിരായുള്ള അവിശ്വാസ നോട്ടീസിന്മേലുള്ള ചർച്ച ചൊവ്വാഴ്ച രാവിലെ 11-ന് നടക്കും.

ഉത്തരേന്ത്യയിൽ ബി.ജെ.പി. നടത്തുന്ന മാതൃകയിലുള്ള കച്ചവടം നടത്തിയാണ് യു.ഡി.എഫ്. അംഗത്തെ ഇടതുപക്ഷത്തേക്കെത്തിച്ചതെന്ന് പുറത്തായ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ കുറ്റപ്പെടുത്തി. രണ്ട് സ്വതന്ത്രഅംഗങ്ങളടക്കം കോൺഗ്രസിന് അഞ്ചും ലീഗിന് രണ്ടും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണ് യു.ഡി.എഫിനുണ്ടായിരുന്നത്. രണ്ട് സ്വതന്ത്രരടക്കം സി.പി.എമ്മിന് ഏഴും സി.പി.ഐ.ക്ക്‌ ഒരു അംഗവുമാണ് എൽ.ഡി.എഫിനുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *