
Perinthalmanna Radio
Date: 13-09-2024
പെരിന്തൽമണ്ണ : ഓണം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും പെരിന്തൽമണ്ണ സബ്കളക്ടർ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സംഘം പരിശോധന നടത്തി. മുദ്ര പതിപ്പിക്കാത്ത ത്രാസ് ഉപയോഗിച്ച കടയുടമയിൽനിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കി. പഴകിയതെന്ന് സംശയിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
വിലവിവരം രേഖപ്പെടുത്താത്തതിനും സാധനങ്ങളുടെ പുറത്ത് ലേബൽ വിവരങ്ങൾ വ്യക്തമാക്കാതെ വിറ്റതിനും മറ്റ് ക്രമക്കേടുകൾ കണ്ടെത്തിയതിനും കടയുടമകൾക്ക് നോട്ടീസ് നൽകി. വ്യക്തമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്തവർക്ക് അവ ഹാജരാക്കാനും നിർദേശംനൽകി. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
റവന്യൂ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃവകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. ജില്ലാ സപ്ലൈ ഓഫീസർ സി.എ. വിനോദ്കുമാർ, പെരിന്തൽമണ്ണ തഹസിൽദാർ ഹാരിസ് കപ്പൂർ, താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹിമാൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.കെ. കരീം, ഫുഡ് സേഫ്റ്റ് ഇൻസ്പെക്ടർ കെ.ജി. രമിത, റേഷനിങ് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
