
Perinthalmanna Radio
Date: 15-09-2024
മലപ്പുറം : രണ്ടു മാസത്തിനിടെ ജില്ലയിൽ വീണ്ടും നിപ ഭീതി. വണ്ടൂർ നടുവത്ത് തിങ്കളാഴ്ച മരിച്ച യുവാവിന് നിപ ബാധിച്ചതായാണ് സംശയം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം വന്ന ശേഷമേ നിപ ബാധ സ്ഥിരീകരിക്കൂ. അതേ സമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണ്.
യുവാവിന്റെ മരണം നിപ ബാധിച്ചെന്ന സംശയമുയർന്ന വണ്ടൂരിൽ അടിയന്തര യോഗം ചേർന്നു. തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പുണെയിൽ നിന്നുള്ള ഫലം ലഭിച്ചതിനു ശേഷമേ തുടർ നടപടിയുണ്ടാകൂ.
മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിക്ക് ജൂലായ് 20-ന് നിപ സ്ഥിരീകരിച്ചിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. അതിനുമുൻപ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വണ്ടൂരിൽ മരിച്ച യുവാവിന്റെ പുണെയിലെ പരിശോധനാ ഫലവും പോസിറ്റീവ് ആകാൻ സാധ്യതയുണ്ട്.
രോഗം സ്ഥിരീകരിച്ചതോടെ ചെമ്പ്രശ്ശേരിയിലെ പതിനാലുകാരനെ വിദഗ്‌ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഗുരുതരാവസ്ഥയിലായതോടെ വെന്റിലേറ്ററിലേക്കു മാറ്റി. അബോധാവസ്ഥയിൽ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടായി ജൂലായ് 21-ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പതിനാലുകാരന് നിപ സ്ഥിരീകരിച്ചപ്പോൾ അതിജാഗ്രതയോടെയാണ് മലപ്പുറം നേരിട്ടത്. കേരളത്തിൽ നിപയുടെ അഞ്ചാംവരവായിരുന്നു അത്. പ്രതിരോധത്തിനായി ജില്ലയിൽ വൻ മുന്നൊരുക്കങ്ങൾ നടത്തി. ആരോഗ്യ മന്ത്രി വീണാ ജോർജ് ദിവസങ്ങളോളം ജില്ലയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
രോഗവ്യാപനം തടയാൻ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. അന്ന് സമ്പർക്കപ്പട്ടികയിൽ 460 പേർ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ രക്ഷിതാക്കളും സഹപാഠികളുമടക്കം ഒരാൾക്കുപോലും രോഗബാധ ഉണ്ടായില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
