
Perinthalmanna Radio
Date: 17-09-2024
മലപ്പുറം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവിനെ എംപോക്സ് രോഗ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗ ലക്ഷണങ്ങളുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. സാമ്പിൾ അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയിൽ എത്തിയത്. പനി ഉണ്ടായിരുന്നു. ഒപ്പം, ചിക്കൻപോക്സിന് സമാനമായ രീതിയിൽ കൈയിൽ ഒരു തടിപ്പും ഉണ്ടായിരുന്നു. തുടർന്ന് എംപോക്സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
വിദേശത്തുനിന്ന് എത്തിയ യുവാവ് സംശയം കാരണം വീട്ടിൽതന്നെ പ്രത്യേക മുറിയിലാണ് കഴിഞ്ഞിരുന്നതെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക ശൗചാലയമാണ് ഉപയോഗിച്ചിരുന്നത്. യുവാവ് സ്വയം മുൻകരുതൽ സ്വീകരിച്ചിരുന്നു. പരിശോധനാഫലം വന്നാൽ വിവരങ്ങൾ ജനങ്ങളെ അറിയിക്കും. കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ നിപ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യും. കൂടിക്കാഴ്ചയ്ക്ക് നേരത്തെതന്നെ അനുമതി തേടിയതാണെന്നും അവർ വ്യക്തമാക്കി.
ജില്ലയിൽ നിപഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് മരിച്ച 24 -കാരന് നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ആളുകൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
