
Perinthalmanna Radio
Date: 19-09-2024
ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായതിനാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ചു ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറി നൽകില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും.
ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തിൽ നിയന്ത്രണം വന്നാൽ പദ്ധതികൾ പലതും ഒഴിവാക്കേണ്ടി വരും.
സർക്കാരിന് പണം നൽകാനാവാത്ത സാഹചര്യത്തിൽ കരാറുകളുടെ ബില്ലുകൾ ബാങ്കുവഴി മാറാവുന്ന ബിൽ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തി. ബാങ്കിൽ നിന്ന് 90 ശതമാനം തുക വരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചുലക്ഷം രൂപവരെയേ കിട്ടൂ.
തദ്ദേശ സ്ഥാപനങ്ങളിലെ കരാറുകാർക്കും ഇത് ബാധകമാണ്. പണം പിന്നീട് സർക്കാർ ബാങ്കുകൾക്ക് നൽകണം. ഇതിന് പലിശ കരാറുകാർ തന്നെ നൽകണം.
ട്രഷറിയിൽ വീണ്ടും പഴയ അവസ്ഥ
ബില്ലുകൾ മാറുന്നതിന് നേരത്തേ അഞ്ചു ലക്ഷമായിരുന്നു പരിധി. ഈവർഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയർത്തിയത്.
സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിയിരിക്കുകയാണ് ട്രഷറി. ഡിസംബർവരെ ഇനി കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
