
Perinthalmanna Radio
Date: 19-09-2024
പെരിന്തൽമണ്ണ : ചെറിയ അറ്റകുറ്റ പണികൾക്കായി അടച്ചിട്ട പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പ്രവർത്തിപ്പിക്കാൻ ഇനിയും നടപടിയായില്ല. 2020 അവസാനത്തോടെ അടച്ചിട്ട പേവാർഡ് തുറക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി പരിപാലന സമിതി (എച്ച്.എം.സി.) ഒരു മാസം മുൻപ് പാസാക്കിയ പ്രമേയത്തിനും ഫയലുകളിൽ വിശ്രമിക്കാനാണ് വിധി. ഡെങ്കി പനിയും നിപയും അടക്കമുള്ളവ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രത്യേക വാർഡ് ആയി സജ്ജമാക്കാവുന്ന കെട്ടിടമാണ് അധികൃതരുടെ അനാസ്ഥമൂലം അടഞ്ഞു കിടക്കുന്നത്. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്)യുടേതാണ് ആശുപത്രി വളപ്പിനകത്തുള്ള പേവാർഡ്. രണ്ടുനില കെട്ടിടത്തിൽ ഒൻപത് മുറികളാണുള്ളത്.
നവീകരിച്ച ശേഷം പൈപ്പുകളിലെ ചോർച്ചയും സെപ്റ്റിക് ടാങ്കിന്റെ ശോച്യാവസ്ഥയും മൂലമാണ് അടച്ചിട്ടത്. പേ വാർഡിന്റെ വരുമാനം സൊസൈറ്റിക്കായതിനാൽ കെട്ടിടം അറ്റകുറ്റപ്പണി നടത്തേണ്ടത് സൊസൈറ്റിയാണെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന ജില്ലാ പഞ്ചായത്ത് അധികൃതരും. സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുന്ന ആശുപത്രിയിലാണ് കുറഞ്ഞ നിരക്കിൽ അത്യാവശ്യം സൗകര്യങ്ങളുള്ള മുറികൾ രോഗികൾക്ക് പ്രയോജനപ്പെടാതെ കിടക്കുന്നത്. കഴിഞ്ഞ മാസം ചേർന്ന എച്ച്.എം.സി. യോഗത്തിൽ അംഗം കുറ്റീരി മാനുപ്പ വിഷയം വീണ്ടും ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രമേയമായി അംഗീകരിച്ചത്. കോഴിക്കോട് റീജണൽ ഓഫീസ് അധികൃതർക്ക് പല തവണ കത്ത് നൽകിയിട്ടുണ്ടെന്ന് ആശുപത്രി ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നു.
എന്നാൽ, സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ല. രണ്ടോ മൂന്നോ ദിവസത്തെ അറ്റകുറ്റപ്പണി നടത്തിയാൽ പേ വാർഡ് തുറന്നു കൊടുക്കാനാകുമെന്ന് കുറ്റീരി മാനുപ്പ ചൂണ്ടിക്കാട്ടുന്നു. പഴയ ബ്ലോക്കിൽ ഉണ്ടായിരുന്ന മെഡിക്കൽ വാർഡും പുതിയ ബ്ലോക്കിലെ ലക്ഷ്യ വാർഡും ഇനിയും പ്രവർത്തന ക്ഷമമായിട്ടില്ല. ഈ സാഹചര്യത്തിൽ അറ്റകുറ്റപ്പണികളുടെ പേരിൽ പൂട്ടിയിട്ട പേവാർഡ് പ്രവർത്തിപ്പിക്കാത്തത് രോഗികളോടുള്ള നിഷേധ സമീപനമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
