ടിക്കറ്റ് ഇനത്തിൽ 18.79 കോടി വരുമാനം; നേട്ടവുമായി ഷൊർണൂർ- നിലമ്പൂർ പാത

Share to

Perinthalmanna Radio
Date: 20-09-2024

പെരിന്തൽമണ്ണ: പരിമിതികൾക്കും പരാധീനതകൾക്കുമിടയിലും ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടിക്കറ്റ് ഇനത്തിൽ 18.79 കോടി രൂപയുടെ വരുമാനം. മുൻവർഷത്തെ വരുമാനത്തേക്കാൾ 3.61 കോടിയുടെ അധിക വരൂമാനം ഈ വർഷം ലഭിച്ചു. ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ ഗേജ് പാതകളിലൊന്നാണ് 66 കിലോ മീറ്റർ മാത്രം വരുന്ന ഷൊർണൂർ–നിലമ്പൂർ പാത. 30.98 ലക്ഷം പേരാണ് പാതയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി യാത്ര ചെയ്‌തത്. മുൻവർഷത്തെ വർഷത്തെ അപേക്ഷിച്ച് 7.8 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായി.

‌ഈ വർഷവും പാതയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് നിലമ്പൂർ റോഡ് സ്‌റ്റേഷനിൽ നിന്നു തന്നെയാണ് .കൂടുതൽ യാത്രക്കാർ യാത്ര ചെയ്തതും ഈ സ്‌റ്റേഷനിൽ നിന്നാണ് . ഇവിടെ കഴിഞ്ഞ വർഷത്തെ വരുമാനം 6.65 കോടി രൂപയായിരുന്നു. നിലമ്പൂരിനും ഷൊർണൂരിനും ഇടയ്‌ക്കുള്ള 10 റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നും വരുമാനത്തിൽ വർധനയുണ്ടായി.  9 ഹാൾട്ട് സ്‌റ്റേഷനുകളിലും വലിയ തോതിൽ വരുമാന വർധനയുണ്ടായി. വാണിയമ്പലമാണ് കൂടുതൽ വരുമാനം ലഭിച്ച ഹാൾട്ട് സ്‌റ്റേഷൻ (2.2 കോടി). കഴിഞ്ഞ വർഷമിത് 1.82 കോടിയായിരുന്നു. തൊടിയപ്പുലം ആണ് വരുമാനം കുറഞ്ഞ ഹാൾട്ട് സ്‌റ്റേഷൻ (6.3 ലക്ഷം). എങ്കിലും ഇവിടെ കഴിഞ്ഞ വർഷത്തേക്കാൾ 1.36 ലക്ഷം രൂപയുടെ അധികവരുമാനം ലഭിച്ചു.

രാത്രികാല ട്രെയിനുകളില്ല എന്നിട്ടും തിരക്കിന് കുറവില്ല

∙ പാതയിൽ കൊച്ചുവേളി–നിലമ്പൂർ റോഡ് ട്രെയിൻ ഉൾപ്പെടെ 7 ട്രെയിൻ സർവീസുകൾ വീതമാണ് ഇരുവശത്തേക്കുമായി ഉള്ളത്. രാവിലെ 10.10 കഴിഞ്ഞാൽ നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് 3.10 നുള്ള കോട്ടയം എക്‌സ്‌പ്രസേയുള്ളൂ. ഇതാകട്ടെ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമേ നിർത്തൂ. മറ്റ് സ്‌റ്റേഷനുകളിലെ യാത്രക്കാർക്ക് 4 ന് ശേഷമെത്തുന്ന ട്രെയിനാണ് പിന്നീട് ആശ്രയം. ട്രെയിനുകളുടെ കുറവും ഷൊർണൂരിൽ നിന്ന് രാത്രികാല ട്രെയിനിന്റെ അഭാവവുമെല്ലാം പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെയാണ് വരുമാനത്തിലെ വർധന. കോട്ടയം എക്‌സ്‌പ്രസിന് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിക്കാത്തത് വലിയ യാത്രാ പ്രതിസന്ധിയാണ്. ഹാൾട്ട് സ്‌റ്റേഷനുകൾക്കും പ്രയാസങ്ങളേറെയുണ്ട്. 

പാതയിലെ നിലമ്പൂർ, അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനുകൾ നിലവിൽ ഗ്രേഡിന്റെ അടിസ്ഥാനത്തിൽ നോൺ സബ് അർബൻ ഗ്രൂപ്പ്–എൻഎസ്ജി 5 ൽ ഇടംപിടിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌റ്റേഷനുകളെ തരംതിരിക്കുന്നത്. ഹാൾട്ട് സ്‌റ്റേഷനുകൾ അ‌ടക്കം പാതയിലെ എല്ലാ സ്‌റ്റേഷനുകളിലെയും വരുമാനവും യാത്രക്കാരുടെ എണ്ണവും വർധിച്ചതു കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങളും ട്രെയിനുകളും അനുവദിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *