
Perinthalmanna Radio
Date: 23-09-2024
അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു മുകളിൽ റോഡ് അറ്റകുറ്റപ്പണി നടത്തി. ഇതുകാരണം പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. വാഹനങ്ങൾ ഒരു വശത്തിലൂടെ മാത്രം കടത്തിവിട്ടതിനാൽ ദേശീയപാത ഗതാഗതക്കുരുക്കിൽ അമർന്നു. പെരിന്തൽമണ്ണ ഭാഗത്ത് ബൈപ്പാസ് വരെയും അങ്ങാടിപ്പുറം ഭാഗത്ത് ഒാരാടംപാലത്തിനപ്പുറവും കുരുക്ക് നീണ്ടു. അഞ്ച് കിലോമീറ്ററോളം നീളത്തിലാണ് വാഹനങ്ങളുടെ നിരയുണ്ടായത്.
ആംബുലൻസുകളും കുരുക്കിൽപ്പെട്ടത് രോഗികൾക്ക് പ്രയാസമായി. പെരിന്തൽമണ്ണയിൽ ബൈപ്പാസ് റോഡിലും അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിലും കുരുക്ക് രൂക്ഷമായിരുന്നു. അതിനിടയ്ക്ക് ചില വാഹനങ്ങൾ തെറ്റായ ദിശയിലൂടെ നിര തെറ്റിച്ച് മുന്നോട്ടെടുത്തത് ഗതാഗതം സ്തംഭിപ്പിച്ചു. റോഡ് മുഴുവൻ വാഹനങ്ങൾ കൈയടക്കിയതിനാൽ കാൽനടയാത്രയും ദുഷ്‌കരമായി.
പൊതുവെ ഞായറാഴ്ച വാഹനങ്ങൾ കുറവാകുന്നതിനാൽ ഗതാഗതക്കുരുക്കിന് ആശ്വാസമുണ്ടാകാറുണ്ട്. വാഹനങ്ങൾ കുറവായതുകൊണ്ടായിരിക്കാം പാലം അറ്റകുറ്റപ്പണിക്ക് ഞായറാഴ്ച തിരഞ്ഞെടുത്തത്. എന്നാൽ പകൽസമയത്ത് പണി നടത്തിയതിൽ നാട്ടുകാർക്കും യാത്രക്കാർക്കും പ്രതിഷേധമുണ്ട്. ഞായറാഴ്ച പകലും രാത്രിയും ഒരുപോലെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനാൽ ജനം തികച്ചും വലഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
