
Perinthalmanna Radio
Date: 24-09-2024
അങ്ങാടിപ്പുറം ∙ സ്ഥിരം അപകട മേഖലയായ പരിയാപുരം ചീരട്ടാമല ചെറുകര റോഡിൽ സംരക്ഷണ ഭിത്തി കെട്ടുന്നു. 25 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 45 മീറ്റർ വരുന്ന ഭാഗത്താണ് സുരക്ഷാഭിത്തി നിർമിക്കുക.
പരിയാപുരം ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ പ്രവൃത്തി ഇന്നലെ തുടങ്ങി. മുൻപ് ടാങ്കർ ലോറി മറിഞ്ഞ് വലിയ തോതിൽ ഇന്ധനച്ചോർച്ച ഉണ്ടായത് ഇവിടെയാണ്. ഇതേത്തുടർന്ന് ഒട്ടേറെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായിരുന്നു. ഇതിന്റെ കെടുതികൾ ഇനിയും പൂർണമായി വിട്ടകന്നിട്ടില്ല. ഇതിനു മുൻപും ശേഷവുമായി ഒട്ടേറെ അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്.
പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലെ ചെറുകരയിൽ നിന്ന് കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തേക്കുള്ള എളുപ്പ മാർഗമാണിത്.
ഗൂഗിൾ മാപ്പിൽ നിർദേശിക്കുന്നതും ഈ വഴിയായതിനാൽ രാത്രികാലത്തുൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കയറ്റിറക്കങ്ങളോടു കൂടിയ മൂന്നു വളവുകളാണ് കെണിയൊരുക്കുന്നത്. 2 ദിവസം മുൻപും ചരക്കുലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടമുണ്ടായി. ഇവിടെ റോഡിന്റെ ഒരു വശത്ത് ആഴമേറിയ താഴ്ന്ന പ്രദേശവുമാണ്.
സ്വകാര്യ വ്യക്തി അനുവദിച്ചു നൽകിയ സ്ഥലത്താണ് സുരക്ഷാമതിൽ നിർമിക്കുന്നത്. ടാങ്കർ ലോറി അപകടത്തിനു ശേഷം പഞ്ചായത്തംഗം അനിൽ പുലിപ്രയുടെ നേതൃത്വത്തിൽ 17–ാം വാർഡ് വികസന സമിതി ഇടപെടലുകൾ നടത്തിയിരുന്നു. ഇതിന്റെ കൂടി ഫലമായാണ് നടപടി.
റോഡിന്റെ അപകടാവസ്ഥയിലുള്ള മറ്റ് മേഖലകളിലും സ്വകാര്യ വ്യക്തികൾ ആവശ്യമായ സ്ഥലം വിട്ടു നൽകിയാൽ സുരക്ഷാ മതിൽ നിർമിക്കാൻ അധികൃതർ തയാറാണെന്ന് വാർഡംഗം അനിൽ പുലിപ്ര പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
