
Perinthalmanna Radio
Date: 28-09-2024
പെരിന്തൽമണ്ണ: പൂട്ടിക്കിടന്ന വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിൽ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നെടുമങ്ങാട് തളിക്കോട് തടത്തരികത്ത് സജിന മൻസിലിൽ റോയ് (നസീം–52) ആണ് പിടിയിലായത്. മേയ് 22ന് പുലർച്ചെയാണ് മോഷണം നടന്നത്.
കുന്നപ്പള്ളി കളത്തിലക്കര, ആശാരിക്കര എന്നിവിടങ്ങളിലെ വീടുകളിലാണ് മോഷണം നടന്നത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധികളിലായി നടന്ന മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയ്‌ക്ക് സമീപം കുറ്റിപ്പുഴയിലാണ് ഇപ്പോൾ കുടുംബ സമേതം താമസിക്കുന്നത്. അവധി ദിവസങ്ങളിൽ ഉച്ചയോടെ തിരുവല്ലയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി തൃശൂരിലിറങ്ങി അവിടെനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോയാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വെള്ളമുണ്ടും ഷർട്ടും ധരിച്ച് കയ്യിൽ ആഡംബര വാച്ച് കെട്ടി സംശയം തോന്നാത്ത വിധമാണ് ഇയാൾ മോഷണത്തിനു പോകുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. രാത്രി 10 ന് മുൻപ് സ്ഥലത്തെത്തി ഏതെങ്കിലും ബാറിൽ കയറി മദ്യപിച്ച് ഇടറോഡുകളിലൂടെ സഞ്ചരിച്ച് സിസിടിവി ഇല്ലാത്തതും ആളില്ലാത്തതുമായ വീടുകളിലെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തുക. നേരം പുലരുംമുൻപ് ബസ് കയറി തിരികെ പോവുകയും ചെയ്യും.
പെരിന്തൽമണ്ണ എസ്ഐ ടി.പി.ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മിഥുൻ, മുഹമ്മദ് സജീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
