അങ്ങാടിപ്പുറത്ത് പഞ്ചായത്തിൽ ജീവനക്കാരില്ല; ഭരണസമിതി സത്യഗ്രഹ സമരത്തിലേക്ക്

Share to

Perinthalmanna Radio
Date: 29-09-2024

പെരിന്തൽമണ്ണ ∙ സ്ഥലം മാറ്റിയ ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയമിക്കാത്തതിനെതിരെ അങ്ങാടിപ്പുറത്ത് യുഡിഎഫ് ഭരണസമിതി സത്യഗ്രഹ സമരത്തിലേക്ക്.

ഇവിടെ ആകെയുണ്ടായിരുന്ന എൻജിനീയറിങ് വിഭാഗത്തിലെയും ഓഫിസിലെയും ജീവനക്കാരുൾപ്പെടെ 21 പേരിൽ സെക്രട്ടറിയടക്കം 17 പേരെയാണ് സ്ഥലംമാറ്റിയത്.

അസി.സെക്രട്ടറിയും ഒരു എഫ്എൽഎസും 2 സ്വീപ്പർമാരും മാത്രമാണ് അവശേഷിക്കുന്നത്. സ്ഥലംമാറ്റിയവർക്ക് പകരമായി പുതിയ ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഭരണസമിതി സമരത്തിനിറങ്ങുന്നത്.

നാളെ രാവിലെ 10 മുതൽ വൈകിട്ടു വരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും സത്യഗ്രഹസമരം നടത്തും. ഒക്‌ടോബർ 15ന് ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം തുടങ്ങും. പദ്ധതികളുടെ എസ്‌റ്റിമേറ്റ് തയാറാക്കുന്ന സമയമാണ് ഇപ്പോൾ.

നടപ്പു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്‌ടുകളുടെ നിർവഹണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങളും സ്‌തംഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വകുപ്പു മന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു.

60000 ത്തിലേറെ ജനസംഖ്യയും 23 വാർഡുകളുമുള്ള കേരളത്തിലെ തന്നെ വലിയ പഞ്ചായത്തുകളിലൊന്നാണിത്. ഒട്ടനവധി ഫയലുകളിലാണ് ഒരു ദിവസം തീർപ്പുകൽപ്പിക്കേണ്ടത്.

പരാതിയുമായി ഉദ്യോഗസ്ഥ മേധാവികളെ സമീപിച്ചപ്പോൾ പകരക്കാരെ ഉടൻ നിയമിക്കുമെന്നും അവർ വരുന്ന മുറയ്ക്ക് മാത്രമേ സ്ഥലം മാറ്റപ്പെട്ടവർ റിലീവ് ചെയ്യൂ എന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ പകരക്കാർ എത്താതായതോടെ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇതിനകം സ്ഥാനമൊഴിഞ്ഞു. എൻജിനീയറും സ്ഥലം മാറ്റപ്പെട്ടവരിൽ ഉൾപ്പെടും.

വ്യാപാരികളുടെ ലൈസൻസ് പുതുക്കലും പുതിയത് എടുക്കലുമെല്ലാം പ്രതിസന്ധിയിലാണ്. കെട്ടിട നമ്പറുകൾ ലഭിക്കാതെയും മരണ–ജനന–വിവാഹ റജിസ്‌ട്രേഷൻ നടപടികൾക്ക് സാധിക്കാതെയും നാട്ടുകാർ പ്രയാസപ്പെടുകയാണ്.

സംസ്ഥാന സർക്കാരും പ്രാദേശിക സിപിഎം നേതൃത്വവും പ‍ഞ്ചായത്തിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.

പ്രതിസന്ധിയെ മറികടക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനു പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനാണ് സിപിഎം അംഗങ്ങൾ ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അംഗങ്ങളായ സലീന താണിയൻ, ഫൗസിയ തവളേങ്ങൽ എന്നിവർ ആരോപിച്ചു.
‌ ………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *