
Perinthalmanna Radio
Date: 07-10-2024
പെരിന്തൽമണ്ണ: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിയും മിന്നലുമായി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവിദഗ്ധർ. പലയിടത്തും ഇടിയും മിന്നലും ശക്തമായ മഴയും പെയ്യുന്നുണ്ടെങ്കിലും തുലാവർഷത്തിന്റെ (വടക്കുകിഴക്കൻ മൺസൂൺ) തുടക്കമായിട്ടില്ല. കാലവർഷത്തിൽനിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോൾ. അതിന്റെ ഭാഗമാണ് ഇപ്പോൾ പെയ്യുന്ന, തുലാവർഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പലയിടത്തും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെരുമഴയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിനടുത്ത് ഒരുമണിക്കൂറിനിടെ 92 മി.മീ. മഴയാണു പെയ്തത്. മേഘവിസ്‌ഫോടനത്തിനു സമാനമായ മഴ എന്നാണ് കാലാവസ്ഥാവിദഗ്ധനും സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ രാജീവൻ എരിക്കുളം പറഞ്ഞത്. മഞ്ചേരിയിലും അതിശക്തമായ മഴയായിരുന്നു.
മലയോരമേഖലകളിൽ ഒറ്റപ്പെട്ട തീവ്രമഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. മലയോരങ്ങളിലെ വിനോദസഞ്ചാര മേഖലകളിലും പുഴകളിലും പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ച നിലമ്പൂരിനടുത്ത് വഴിക്കടവിൽ ഒരുമണിക്കൂറിനുള്ളിൽ 82 മി.മീ. മഴയാണു പെയ്തത്. മുണ്ടേരിയിൽ 73 മി.മീറ്ററും. പൂക്കോട്ടുംപാടം ചേലോട്ട് അരമണിക്കൂറിൽ 65 മി.മീ. മഴ പെയ്തു.
ഒക്ടോബർ 15 ആകുമ്പോഴേയ്ക്ക് കാലവർഷം പൂർണമായി പിൻവാങ്ങും. ഒക്ടോബർ ഇരുപതോടെയാണ് തുലാവർഷത്തിനു തുടക്കമാകാറുള്ളത്. അതോടെ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെക്കൻ കർണാടക, ആന്ധ്രാതീരങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ വടക്കുകിഴക്കൻ മൺസൂൺ സീസൺ തുടങ്ങും.
വരുംദിവസങ്ങളിൽ തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകർ പറയുന്നു. അതിന്റെ സ്വഭാവത്തിനനുസരിച്ച് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അവസാന ദിവസങ്ങളിലേക്കെത്തിയ കാലവർഷത്തിൽ ഇത്തവണ കേരളത്തിലെ ശരാശരിക്കണക്കനുസരിച്ച് 13 ശതമാനം കുറവാണുള്ളത്. തുലാവർഷത്തിൽ കേരളത്തിൽ ശരാശരി 492 മില്ലീമീറ്റർ മഴയാണു ലഭിക്കാറുള്ളത്. കഴിഞ്ഞ വർഷം തുലാവർഷത്തിൽ കൂടുതൽ മഴ ലഭിച്ചിരുന്നു. ഒക്ടോബർ പകുതിമുതൽ ഡിസംബർ വരെയുള്ള തുലാവർഷകാലത്ത് ഇക്കൊല്ലവും ശരാശരിയിലധികം മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
സീസണിൽ മേഖലയിലാകെ 12 ശതമാനമെങ്കിലും മഴ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തുലാവർഷകാലത്ത് വടക്കൻ കേരളത്തെ അപേക്ഷിച്ച് മധ്യ തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയുണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ വടക്കൻ കേരളത്തിലും മഴയ്ക്ക് കുറവുണ്ടാകില്ലെന്നാണ് നിരീക്ഷണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
