
Perinthalmanna Radio
Date: 11-10-2024
പെരിന്തൽമണ്ണ: കെഎസ്‌ആർടിസിയുടെ വാർഷിക വരുമാനത്തിൽ, ജില്ലാ ആസ്ഥാനത്തുള്ള മലപ്പുറം ഡിപ്പോയെ കടത്തിവെട്ടി പെരിന്തൽമണ്ണ ഡിപ്പോ. 2023 ജൂലൈ മുതൽ കഴിഞ്ഞ ജൂലൈ വരെ 34 ഷെഡ്യൂളുകൾ സർവീസ് നടത്തുന്ന മലപ്പുറം ഡിപ്പോ 21,70,91,570 രൂപ നേടിയപ്പോൾ 33 ഷെഡ്യൂളുകളുള്ള പെരിന്തൽമണ്ണ ഡിപ്പോ നേടിയത് 22,98,33,006 രൂപയാണ്. പെരിന്തൽമണ്ണ ഡിപ്പോ 1,27,41,436 രൂപ അധിക വരുമാനമുണ്ടാക്കി. പൊന്നാനി ഡിപ്പോ ഈ കാലയളവിൽ 20,72,86,906 രൂപയാണു വരുമാനമായി നേടിയത്. അതേസമയം, നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഒരു വർഷത്തെ പൂർണമായ വരുമാന വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനാണ് ഈ മറുപടി നൽകിയത്. ജില്ലയിൽനിന്ന് 2023 ജൂലൈ മുതൽ കഴിഞ്ഞ ജൂലൈ വരെയുള്ള ഒരു വർഷക്കാലം മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി കെഎസ്ആർടിസി ഡിപ്പോകൾ നേടിയത് 65,42,11,482 രൂപയാണ്. ഈ കാലയളവിൽ നിലമ്പൂർ ഉൾപ്പെടെ ജില്ലയിലെ 4 ഡിപ്പോകളിൽനിന്നുമായി 132 ഷെഡ്യൂളുകളാണു സർവീസ് നടത്തിയത്. ഒരു ഷെഡ്യൂളും ഇക്കാലയളവിൽ സ്ഥിരമായി വെട്ടിക്കുറയ്ക്കപ്പെട്ടിട്ടില്ല.
മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകൾ കൂടുതൽ വരുമാനമുണ്ടാക്കിയതു വേനലവധിക്കാലമായ, കഴിഞ്ഞ മേയ് മാസത്തിലാണ്. മലപ്പുറം ഡിപ്പോ 1,82,69,729 രൂപയും പെരിന്തൽമണ്ണ ഡിപ്പോ 1,97,55,691 രൂപയുമാണു മേയിൽ മാത്രം നേടിയത്. അതേസമയം, പൊന്നാനി ഡിപ്പോ കൂടുതൽ നേട്ടമുണ്ടാക്കിയതു കഴിഞ്ഞ ജനുവരിയിലാണ്– 1,71,32,959 രൂപ. കഴിഞ്ഞ ഫെബ്രുവരിയിൽ നേടിയ 1,55,35,503 രൂപയാണു മലപ്പുറം ഡിപ്പോയുടെ കുറഞ്ഞ മാസവരുമാനം.
പെരിന്തൽമണ്ണ ഡിപ്പോ കഴിഞ്ഞ വർഷം ജൂലൈയിൽ നേടിയ 1,62,00,411 രൂപയാണു കുറഞ്ഞ വരുമാനം. പൊന്നാനി ഡിപ്പോയ്ക്കു കുറഞ്ഞ വരുമാനം മാർച്ചിലാണ്, 1,47,23,056 രൂപ. ഈ വാർഷിക കാലയളവിൽ വിനോദയാത്രകളിലൂടെ ജില്ലയിലെ 4 ഡിപ്പോകൾ വഴി കെഎസ്ആർടിസി 1,15,30,091 രൂപ നേടിയിട്ടുണ്ട്. മലപ്പുറം ഡിപ്പോ 64,04,491 രൂപ, പെരിന്തൽമണ്ണ 24,22,600 രൂപ, നിലമ്പൂർ 16,52,340 രൂപ, പൊന്നാനി 10,50,660 രൂപ എന്നിങ്ങനെയാണു ടൂർ പാക്കേജിലൂടെ മാത്രം നേടിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
