തകർന്ന് തരിപ്പണമായി പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡ്

Share to

Perinthalmanna Radio
Date: 12-10-2024

പെരിന്തല്‍മണ്ണ: നഗരമധ്യത്തില്‍ പാടേ തകർന്ന് ബൈപ്പാസ് റോഡ്. കോഴിക്കോട് റോഡിനെയും ഊട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസാണ് വലിയ കുഴികളും വെള്ളക്കെട്ടുകളുമായി യാത്രാദുരിതം തീർക്കുന്നത്. അടുത്ത കാലത്തൊന്നും ഈ റോഡില്‍ നവീകരണം നടന്നിട്ടില്ല. പ്രധാന നിരത്തില്‍ കുഴിയടക്കാൻ മരാമത്ത് വകുപ്പ് സന്നദ്ധമായ ഘട്ടങ്ങളിലും ബൈപ്പാസ് റോഡ് അവഗണിക്കുകയായിരുന്നു. ബൈപ്പാസ് റോഡിലെ ബസ് സ്റ്റാൻഡ് പരിസരത്തും ഊട്ടി റോഡിലെ ബൈപ്പാസ് ജങ്ഷനിലുമാണ് കൂടുതല്‍ തകർച്ച. വലിയ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.

ഊട്ടി റോഡില്‍ ബൈപ്പാസ് ജങ്ഷൻ വഴിയാണ് മേലാറ്റൂർ-പുലാമന്തോള്‍ റോഡ് കടന്നുപോവുന്നത്. ഈ റോഡ് നിർമാണത്തിന് 2020ല്‍ ടെൻഡർ നല്‍കിയതിനാല്‍ അന്നുമുതല്‍ കാണപ്പെട്ട ബൈപ്പാസ് ജങ്ഷനിലെ വലിയ കുഴികള്‍ നിർമാണത്തോടെ നികത്തി റോഡ് നവീകരിക്കുമെന്നാണ് കരുതിയിരുന്നത്. അതേസമയം, ബൈപ്പാസ് റോഡിന് ആ പ്രതീക്ഷയുമില്ല. പ്രധാന നിരത്തിന്റെയത്ര വീതിയോ സൗകര്യമോ ഇല്ലാതെയാണ് ബൈപ്പാസ് റോഡ് വന്നത്. ഇതിനൊപ്പം റോഡ് തകരുകകൂടി ചെയ്തതോടെ യാത്രാദുരിതം ഇരട്ടിച്ചു. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കുഴികള്‍ താല്‍ക്കാലികമായി ക്വാറി മാലിന്യമിട്ട് അടച്ചിരുന്നു.

എന്നാല്‍, ഇത് വീണ്ടും തകർന്നതോടെ വലിയ കല്ലുകളും ചെളിവെള്ളവും കാരണം ഏത് നിമിഷവും അപകട ഭീഷണിയുമുണ്ട്. കുഴിയടച്ചാല്‍ തീരുന്നതല്ല ബൈപ്പാസ് റോഡ് തകർച്ച. പൊതുമരാമത്ത് വകുപ്പ് പെരിന്തല്‍മണ്ണ എ.ഇ ഓഫിസിന്റെ പരിധിയിലാണിത്. പെരിന്തല്‍മണ്ണയിലെ ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ ബൈപ്പാസ് റോഡിലാണ്. സദാസമയത്തും തിരക്കാണ് ഈ റോഡില്‍.

നിലമ്പൂർ, വണ്ടൂർ, കരുവാരകുണ്ട് ഭാഗങ്ങളിലേക്കുള്ള ബസ് സർവിസും ബൈപ്പാസ് റോഡ് വഴിയാണ്. അശാസ്ത്രീയമായാണ് മൂന്നു പതിറ്റാണ്ട് മുമ്പ് ബൈപ്പാസ് റോഡിന്റെ നിർമാണം നടന്നത്. റോഡ് തുടർന്ന് വീതി കൂട്ടാൻ സാധിക്കാത്ത വിധത്തിലാണിവിടെ ഭൂമി കണ്ടെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *