
Perinthalmanna Radio
Date: 17-10-2024
അങ്ങാടിപ്പുറം:- മതിയായ ജീവനക്കാരില്ലാതെ പൊരുതി മുട്ടിയ അങ്ങാടിപ്പുറം പഞ്ചായത്ത്, ജനങ്ങൾക്കും ഭരണ സമിതിക്കും സർക്കാരിൽ നിന്ന് പ്രതീക്ഷ നഷ്ടപ്പെട്ടത് കൊണ്ടും കോടതിയെ സമീപിക്കാൻ തീരുമാനം എടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ.
നഗര സ്വഭാവമുള്ള മുനിസിപ്പാലിറ്റിയോളം വിസ്തൃതിയുള്ള അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ ക്ലീനിങ് സ്റ്റാഫ് അടക്കം അഞ്ചുപേരാണ് നിലവിലുള്ളത്. പൊതുജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കും മറ്റുമായി കയറിയിറങ്ങുന്ന അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്ന് കൃത്യ സമയത്ത് സേവനങ്ങൾ ലഭിക്കുന്നില്ല.
മങ്കട മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ ലഭിക്കുന്ന ഫയലുകളെ അപേക്ഷിച്ച് (മങ്കട പഞ്ചായത്ത് -4274,കുറുവ പഞ്ചായത്ത് – 5994,മക്കരപ്പറമ്പ് – 3371,കൂട്ടിലങ്ങാടി – 4693,മൂർക്കനാട് – 4510)അങ്ങാടിപ്പുറം പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ ക്രമാതീതമായി വളരെ അധികം കൂടുതലാണ് (അങ്ങാടിപ്പുറം 9847 അപേക്ഷകൾ 16.10.2024 വരെ ).ഗ്രാമ പഞ്ചായത്തിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ പൂർത്തീകരിച്ചാലും ഫയലുകളിൽ തീരുമാനം എടുക്കുന്നതിനും മറ്റുമായി വീണ്ടും കാലതാമസം സൃഷ്ടിക്കും എന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
ഗ്രാമ പഞ്ചായത്തുകളിൽ എസ്റ്റിമേറ്റ് എടുക്കേണ്ട സമയമായതിനാൽ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ നിലവിലുള്ള പദ്ധതികളെല്ലാം അവതാളത്തിലാണ്. വലിയ പദ്ധതികളായ റോഡ് വർക്കുകൾ, കുടിവെള്ള പദ്ധതികൾ, വ്യക്തിഗത അനുകൂല്യങ്ങളായ ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള വിഹിതം നൽകൽ, കെട്ടിട നിർമ്മാണ പെർമിറ്റ് /നമ്പറിങ്,ജനന – മരണ – വിവാഹ രജിസ്ട്രേഷൻ പോലുള്ളവ നടപ്പിലാക്കാനും പൂർത്തീകരിക്കാനും കാല താമസമെടുക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ തിരുവനന്തപുരത്തെത്തി വകുപ്പ് മന്ത്രിയെയും,ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് നിവേദനങ്ങളും അപേക്ഷകളും നൽകിയതിൽ ഇതുവരെയും ഒരു തീരുമാനം ഉണ്ടായിട്ടില്ല. യു.ഡി.എഫ് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ സംഘടിപ്പിച്ചു. ഇതുകൊണ്ടൊന്നും അറുതി വരാതിരുന്നതിനാലാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
