
Perinthalmanna Radio
Date: 27-10-2024
പെരിന്തൽമണ്ണ: നഗരത്തിൽ വില്ലേജ് ഓഫിസിനു പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയതുമായി ബന്ധപ്പെട്ടു വിവാദം.
എകെജിയുടെ പ്രസംഗവും അറസ്‌റ്റും ഉൾപ്പെടെ നടന്ന സ്ഥലമാണ് നിലവിൽ വില്ലേജ് ഓഫിസിനു വേണ്ടി കണ്ടെത്തിയ സ്ഥലമെന്നാണ് ആക്ഷേപം. ചെറുകാട് കോർണറിനോട് ചേർന്നു സബ് റജിസ്‌ട്രാർ ഓഫിസിനടുത്തുള്ള സ്ഥലമാണു വില്ലേജ് ഓഫിസിനു വേണ്ടി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ സ്ഥലം റവന്യു വകുപ്പിന്റെ അധീനതയിലുള്ളതാണ്.
രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പൊതുപരിപാടികൾ നടക്കുന്ന സ്ഥലവും സാഹിത്യകാരൻ ചെറുകാടിന്റെ നാമധേയത്തിലുള്ള ചെറുകാട് കോർണർ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലവുമാണിത്.
അതേസമയം, നിലവിൽ വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് അടുത്തുള്ള റവന്യു ഭൂമിയിൽ കെട്ടിടം നിർമിക്കാൻ മതിയായ സ്ഥല സൗകര്യമുണ്ട്.
വളരെയേറെ ചരിത്ര പശ്ചാത്തലമുള്ള പെരിന്തൽമണ്ണ കോടതിപ്പടി, ചെറുകാട് കോർണർ ഉൾപ്പെടുന്ന സ്ഥലം വില്ലേജ് ഓഫിസ് നിർമിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്റെ ജന്മ സ്ഥലമായ പെരിന്തൽമണ്ണയിൽ ഇഎംഎസിന്റെ നാമധേയത്തിൽ പ്രസ്തുത സ്ഥലത്ത് പാർക്ക് വിഭാവനം ചെയ്‌ത് നിലനിർത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം നിലവിൽ പട്ടാമ്പി റോഡിലുള്ള വില്ലേജ് ഓഫിസ് കെട്ടിടം അസൗകര്യങ്ങളിൽ നട്ടം തിരിയുന്ന നിലയിലാണ്. വിവിധ ആവശ്യങ്ങൾക്കായെത്തുന്നവർക്ക് ഇവിടെ നിന്നു തിരിയാനിടമില്ല. റോഡിൽ നിന്ന് മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി വേണം ഓഫിസിലെത്താൻ. വയോധികർക്കും ഭിന്നശേഷിക്കാർക്കും ഇവിടെയെത്തുക പ്രയാസമാണ്. ഓഫിസ് ഫയലുകൾ സൂക്ഷിക്കാനും മറ്റും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങളോ കെട്ടിട സൗകര്യങ്ങളോ ഇല്ല.
2 നിലകളിലായി 5836 ചതുരശ്ര അടിയിൽ വിപുലമായ ആധുനിക സൗകര്യങ്ങളോടെയുള്ള ആധുനിക കെട്ടിടമാണ് പുതിയ സ്ഥലത്ത് വിഭാവനം ചെയ്യുന്നത്.
താഴെ നിലയിൽ 3308 ചതുരശ്ര അടിയിൽ വലിയ ഫ്രണ്ട് ഓഫിസും വിവിധ വിഭാഗം ജീവനക്കാർക്കുള്ള ഓഫിസ് മുറികളും വില്ലേജ് ഓഫിസറുടെ കാബിനും റെക്കോർഡ് റൂമും ഡൈനിങ് റൂമും ശുചിമുറികളുമുണ്ട്.
മുകളിൽ 2528 ചതുരശ്ര അടിയിൽ കോൺഫറൻസ് ഹാളും സിറ്റൗട്ടും അടുക്കളയും ലിവിങ് റൂമും കിടപ്പറയും ഉൾപ്പെടെ ജീവനക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ താമസ സൗകര്യം കൂടിയുൾപ്പെടുത്തിയാണ് കെട്ടിടത്തിന്റെ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
