
Perinthalmanna Radio
Date: 27-10-2024
അരക്കുപറമ്പ്: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായ അരക്കുപറമ്പ് മാട്ടറയിലെ മുക്കിലപ്പറമ്പ്, താഴെ മാട്ടറ പ്രദേശങ്ങളിൽ താഴേക്കോട് ഗ്രാമപ്പഞ്ചായത്തും റവന്യൂ വകുപ്പും സംയുക്തമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കനത്ത മഴയിൽ കുഴഞ്ഞാടി മലയിൽനിന്ന് കുത്തിയൊലിച്ചുവന്ന മഴവെള്ളം കൊണ്ട് മുക്കിലപ്പറമ്പ്-പന്നിയാംതോട് കരകവിഞ്ഞൊഴുകിയിരുന്നു. ഇതിനാൽ താഴ്ന്ന പ്രദേശങ്ങൾ മഴവെള്ളത്തിൽ മൂടി. മഴവെള്ളത്തോടൊപ്പം തോട്ടിൽ വന്നടിഞ്ഞ മണ്ണും കല്ലുകളും കാരണം തോട് ഗതിമാറി ഒഴുകി. ഇവ മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് നീക്കം ചെയ്ത് തോടിന്റെ ഒഴുക്ക് പൂർവസ്ഥിതിയിലാക്കി.
തോട്ടിലേക്കിറങ്ങാൻ ഇട്ടിരുന്ന കല്ലുകളും മണ്ണും നീക്കം ചെയ്യുകയും ഏതാനും ഭാഗങ്ങളിൽ തോടിന്റെ വീതി കൂട്ടുകയും ചെയ്തു. മാട്ടറ-മാട് റോഡിലേക്ക് ഇടിഞ്ഞുവീണ കൂറ്റൻകല്ലും മൺകൂനയും നീക്കം ചെയ്തു. മഴവെള്ളം ഒഴുകി തകർന്ന മുക്കിലപ്പറമ്പ് റോഡ് ക്വാറി മാലിന്യമിട്ട് താത്കാലികമായി ഗതാഗതയോഗ്യമാക്കി. മഴവെള്ളം കയറിയ വീടുകളിലെ ചെളി നാട്ടുകാരുടെ സഹായത്തോടെ നീക്കം ചെയ്തു.
മലയിൽ പ്രതീഷ്, താന്നിക്കൽ ഷിബു, മാന്തോണി ഉമ്മർ, മാന്തോണി അബ്ബാസ്, കൂളുതറ ജോൺ, മാമ്പറ്റപ്പറമ്പിൽ മരക്കാർ, കർക്കടാംകുന്ന് സുന്ദരൻ, ചേലക്കാടൻ ഉമ്മർ എന്നിവരുടെ വീടുകളിലേക്കാണ് മഴവെള്ളം കയറിയത്. താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, വാർഡംഗം ടി.എം. ആന്റണി, അരക്കുപ്പറമ്പ് വില്ലേജ് ഓഫീസർ രവീന്ദ്രൻ, വില്ലേജ് അസിസ്റ്റന്റുമാരായ ആന്റണി, ജിജോ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
