
Perinthalmanna Radio
Date: 31-10-2024
പെരിന്തൽമണ്ണ: 2019-ൽ പറയത്തക്ക കേടുപാടുകളും ഒന്നുമില്ലാത്ത സഖാവ് പി മൂസക്കുട്ടിയുടെ പേരിട്ട പെരിന്തൽമണ്ണ ടൗൺ ഹാൾ പൊളിച്ച് കളഞ്ഞ് അഞ്ച് വർഷമായിട്ടും ആധുനിക സൗകര്യത്തോട് കൂടിയുള്ള പുതിയ ടൗൺ ഹാൾ യാഥാർഥ്യമായില്ല. പുതിയ ടൗൺഹാൾ നിർമാണത്തിന് ഏഴ് കോടി രൂപയുടെ പദ്ധതിയാണ് അന്ന് തയ്യാറാക്കിയത്. പരമാവധി പോയാൽ ഒരു വർഷം കൊണ്ട് പുതിയ ടൗൺ ഹാളിന്റെ പണി തീർത്ത് ഉദ്ഘാടനം നടത്തുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നതും ജനങ്ങൾ കരുതിയിരുന്നതും.
എന്നാൽ ഇപ്പോൾ വർഷം അഞ്ച് കഴിഞ്ഞിട്ടും അതിന്റെ ഒരു രൂപം അവിടെ കാടു പിടിച്ച് കിടക്കുന്നുണ്ട് എന്നല്ലാതെ ഒരു പ്രവൃത്തിയും ഇപ്പോൾ നടക്കുന്നില്ല. കനത്ത സാമ്പത്തിക പ്രശ്‌നം മൂലമാണ് പ്രവൃത്തികൾ
നിർത്തിവെച്ചത്.
അക്രഡിറ്റ് ഏജൻസിയായ എഫ് ആർ ബി എല്ലിനായിരു ന്നു നിർമാണ ചുമതല നൽകിയിരുന്നത്. അഞ്ച് കോടി രൂപ അടങ്കൽ കണക്കാക്കിയ ഒന്നാം ഘട്ടത്തിൽ 4.04 കോടി രൂപ ചിലവിട്ട് രണ്ട് നില കെട്ടിടത്തിന്റെ പ്രാഥമിക രൂപമാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. പദ്ധതി പ്രകാരം പൂർത്തിയാക്കാൻ ഇനിയും കോടികൾ ചെലവഴിക്കേണ്ടി വരുമെങ്കിലും ടൗൺ ഹാൾ എന്ന് പൂർത്തിയാക്കാൻ ആകുമെന്ന് അറിയില്ല. പഴയ ടൗണ് ഹാൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അതിന്റെ വരുമാനം നഗരസഭക്ക് ഈ അഞ്ച് വർഷം നഷ്ട പ്പെടില്ലായിരുന്നു.
പെരിന്തൽമണ്ണയിൽ ഓഡിറ്റോറിയങ്ങൾ പലതുമുണ്ടെങ്കിലും വീടുകളിൽ സൗകര്യമില്ലാത്ത, സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങൾക്ക് വിവാഹം നടത്താൻ കൊക്കിലൊതുങ്ങുന്ന ഓഡിറ്റോറിയങ്ങൾ ഇല്ലെന്ന് തന്നെ പറയാം. നഗരസഭ ടൗൺ ഹാൾ വന്നാൽ അതിനൊരു പരിഹാരം ആകുമായിരുന്നു. നിലവിൽ ഉണ്ടായിരുന്നത് പൊളിച്ചു കളയാൻ അധികൃതർക്ക് ഉണ്ടായ ആവേശം പുതിയതിൻ്റെ പണി പൂർത്തിയാക്കുന്ന കാര്യത്തിൽ കാണുന്നില്ലന്ന് നാട്ടുകാർ ആരോപിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
