സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി തടസപ്പെടുത്തുന്ന തരത്തിലുള്ള കൂട്ടായ്മകള്‍ക്ക് വിലക്ക്

Share to

Perinthalmanna Radio
Date: 31-10-2024

സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ ചട്ടവിരുദ്ധമായി കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന് വിലക്ക്. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സർക്കാർ ഓഫിസുകളിൽ കൾച്ചറൽ ഫോറങ്ങളും കൂട്ടായ്മകളും ഒഴിവാക്കണമെന്നും ഇത്തരം കൂട്ടായ്മകൾ കാരണം ഓഫിസ് പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ചൊവ്വാഴ്ച സർക്കുലർ പുറത്തിറക്കിയത്.

‘സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയത് ഒഴിവാക്കേണ്ടതാണെന്ന് ഇതിനാൽ കർശന നിർദ്ദേശം നൽകുന്നു. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.’ ഉത്തരവിൽ പറയുന്നു. സർവീസ് സംഘടനകളുടെ പരിപാടിക്ക് ഒഴികെ വിലക്കുണ്ടാകും. വിലക്ക് ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും എതിരെ സർക്കാർ കർശന നടപടി എടുക്കും.

ഇത്തരം കൂട്ടായ്മകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും അവ ചെറിയ തോതിൽ ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നത് സത്യമാണെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് പറഞ്ഞു. പലതരത്തിലുള്ള സാസ്കാരിക സംഘടനകളും ഓഫീസ്, വകുപ്പ്, വാട്സാപ്പ് കൂട്ടായ്മകളും മാത്രമല്ല, സർവീസിൽ ചേർന്ന വർഷത്തിന്റെ അടിസ്ഥാനത്തിൽ പോലും കൂട്ടായ്മകളുണ്ട്. ഇതിലെ പ്രവർത്തകർ പലപ്പോഴും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലും മറ്റും പരിപാടികൾ നടത്തും. ഇടവേള മൂന്നു മണിക്കൂറിലധികം നീളാം. അവ നിരോധിക്കേണ്ടതില്ല, നിയന്ത്രണമുണ്ടായാൽ മതി. ഉപതിരഞ്ഞെടുപ്പും പഞ്ചായത്ത് തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ, ജീവനക്കാരുടെ അരാഷ്ട്രീയ സംഘടനകൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന ഭയമാണ് വിലക്കിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി ഇർഷാദ് പറഞ്ഞു.

ഈ സർക്കുലർ സാംസ്കാരിക പ്രവർത്തനങ്ങൾ വിലക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. മറിച്ച്, ഓഫീസ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് എൻ.ജി.ഒ. യൂണിയൻ സംസ്ഥാനസെക്രട്ടറി എം.എ. അജിത് കുമാർ പറഞ്ഞു. ഓരോ ഓഫീസിലും പ്രത്യേകമായി സാസ്കാരിക സംഘടനകളും പരിപാടികളും ഉണ്ടാവുമ്പോൾ ചില അനഭിലഷണീയ പ്രവണതകൾ ഉയർന്നുവരുന്നു. ചില സ്ഥാപനങ്ങളിൽ തർക്കങ്ങളുണ്ടാവുന്നു. ചേരി തിരിഞ്ഞ് മത്സരിച്ചു പരിപാടികൾ നടത്തുന്നതും ഔദ്യോഗികപദവി ഉപയോഗിച്ച് പരിപാടികൾക്ക് സ്പോൺസർഷിപ്പ് സംഘടിപ്പിക്കുന്നതും പോലുള്ള സംഭവങ്ങളുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവണതകൾക്കെതിരെ ഇത്തരം നിയന്ത്രണങ്ങൾ മുമ്പുമുണ്ടായിരുന്നു- അജിത് കുമാർ പറഞ്ഞു. സാംസാകാരിക പ്രവർത്തനങ്ങളെയും അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഹനിക്കരുതെന്നു തന്നെയാണ് എൻ.ജി.ഒ. യൂണിയന്റെ നിലപാട്. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയത് തങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *