ഐറിസ് സ്‌കാനിങ് യന്ത്രങ്ങൾ അനുവദിക്കാത്തത് റേഷൻ മസ്‌റ്ററിങ് പൂർത്തിയാക്കാൻ പ്രതിസന്ധി

Share to

Perinthalmanna Radio
Date: 31-10-2024

പെരിന്തൽമണ്ണ: അന്ത്യോദയ അന്നപൂർണ (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് പൂർത്തിയാക്കാൻ ജില്ലയിൽ ഐറിസ് സ്കാനറിന്റെ കുറവു പ്രതിസന്ധി. നിലവിൽ ജില്ലയിലെ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർക്ക് ഐറിസ് സ്‌കാനിങ് യന്ത്രങ്ങളൊന്നും അനുവദിച്ചിട്ടില്ല.

സ്വന്തമായി ഐറിസ് സ്‌കാനിങ് യന്ത്രങ്ങളുള്ള ചില റേഷൻ വ്യാപാരികളുടെ പിന്തുണയിലാണു നിലവിൽ മസ്‌റ്ററിങ് ക്യാംപുകൾ മുന്നോട്ടുപോകുന്നത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായുള്ള അൻപതിൽ താഴെ റേഷൻ വ്യാപാരികൾ ഐറിസ് സ്‌കാനിങ് യന്ത്രങ്ങൾ സ്വന്തമായി വാങ്ങിയവരാണ്. ഈ യന്ത്രങ്ങളാണ് അധികൃതർക്ക് ആകെയുള്ള ആശ്വാസം.

ഇന്നലെ വൈകിട്ട് 5 വരെ ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ ആകെയുള്ള 20,58,344 റേഷൻ ഗുണഭോക്താക്കളിൽ 17,39,028 പേരാണ് മസ്‌റ്ററിങ് പൂർത്തിയാക്കിയത്. 3,19,316 പേർ (15.51 ശതമാനം) ഇനിയും അവശേഷിക്കുന്നുണ്ട്. റേഷൻ കടകളിൽ ഇ–പോസ് മെഷീനിൽ വിരലടയാളം പൊരുത്തപ്പെടാതെ വന്നവരാണ് ഇനി മസ്‌റ്ററിങ് നടത്താനുള്ളവരിലേറെയും. ഇവരിൽ കൂടുതലും കുട്ടികളും വയോധികരുമാണ്.

ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ കണ്ണടയാളം സ്വീകരിച്ചുകൊണ്ടാണ് ഇവരുടെ മസ്‌റ്ററിങ് നടത്തുന്നത്. ഇ–പോസ് മെഷീൻ ഉപയോഗിച്ചുള്ള മസ്‌റ്ററിങ് റേഷൻ കടകളിൽ നടക്കുന്നുണ്ട്. മസ്‌റ്ററിങ് നടത്താനുള്ള തീയതി 5ന് അവസാനിക്കാനിരിക്കുകയാണ്. പല തവണ ദീർഘിപ്പിച്ചതിനാൽ ഇനി തീയതി ദീർഘിപ്പിക്കൽ ഉണ്ടാകില്ലെന്നാണു പൊതുവേയുള്ള നിഗമനം.

ജില്ലാ അധികൃതരുടെ നേതൃത്വത്തിൽ മുഴുവൻ പേരുടെയും മസ്‌റ്ററിങ് പൂർത്തിയാക്കുന്നതിന് ഊർജിത ശ്രമങ്ങളാണു നടക്കുന്നത്.

മുൻഗണനാ വിഭാഗത്തിൽ 18,51,520 പേരിൽ 15,63,582 പേരും അന്ത്യോദയ വിഭാഗത്തിൽ 2,06,824 പേരിൽ 1,75,446 പേരുമാണു ജില്ലയിൽ മസ്റ്ററിങ് നടത്തിയത്. 87.19 ശതമാനം പേർ മസ്‌റ്ററിങ് ചെയ്ത ഏറനാടാണു മുന്നിൽ. 81.78 ശതമാനം പേർ മസ്‌റ്ററിങ് ചെയ്ത പൊന്നാനിയാണു പിന്നിൽ. നിലമ്പൂർ–2,75,059 (85.61 ശതമാനം), ഏറനാട്–2,54,619 (87.19 ശതമാനം), കൊണ്ടോട്ടി–1,66,023 (85.33 ശതമാനം), പെരിന്തൽമണ്ണ–2,25,217 (85.42 ശതമാനം), തിരൂരങ്ങാടി–2,35,188 (84.04 ശതമാനം), തിരൂർ–4,04,196 (82.76 ശതമാനം), പൊന്നാനി–1,78,716 (81.78 ശതമാനം) എന്നിങ്ങനെയാണ് ഇന്നലെ വരെ താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ മസ്‌റ്ററിങ് നടന്നത്. ജില്ലയിൽ ഒരു റേഷൻ കടയിലും ഇതുവരെയും 100 ശതമാനം മസ്‌റ്ററിങ് പൂർത്തിയായില്ല. മരിച്ചുപോയ കുറേപ്പേരും അവശേഷിച്ചവരുടെ ലിസ്‌റ്റിലുണ്ടാവാമെന്നതിനാ‍ൽ ഇതു പരിശോധിച്ചു വരികയാണെന്നു ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *