സെവൻസ് ഫുട്ബോളിൽ ചുവപ്പ് കാർഡ് കിട്ടിയാൽ ഇനി മൂന്നു കളികളിൽ വിലക്ക്

Share to

Perinthalmanna Radio
Date: 02-11-2024

പെരിന്തൽമണ്ണ: പരുക്കൻ കളി പുറത്തെടുക്കുന്ന താരങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതടക്കം നിയമാവലിയില്‍ കാതലായ മാറ്റങ്ങളോടെ 2024-25ലെ സെവൻസ് ഫുട്ബാള്‍ സീസണ്‍ നവംബർ പത്തിന് ആരംഭിക്കും.

മേയ് 30 വരെ ആറു മാസത്തോളം നീളുന്ന സീസണില്‍ സംസ്ഥാനത്ത് 45നും 50നുമിടയില്‍ ടൂർണമെന്‍റുകളുണ്ടാവുമെന്ന് സെവൻസ് ഫുട്ബാള്‍ ടൂർണമെന്‍റ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു. കളിക്കളത്തിലെ സംഘർഷം തടയാൻ നിയമാവലി ഭേദഗതി ചെയ്യും. പരുക്കൻ കളി പുറത്തെടുത്ത് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോകുന്ന കളിക്കാരെ തുടർന്നുള്ള മൂന്നു കളികളില്‍ മാറ്റിനിർത്തും. നേരത്തേ ഒരു കളിയിലേ മാറ്റിനിർത്തിയിരുന്നുള്ളൂ. വിദേശകളിക്കാരുടെ എണ്ണം ആറില്‍നിന്ന് അഞ്ചാക്കി ചുരുക്കി. ഗ്രൗണ്ടില്‍ മൂന്നു പേർ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. പ്രാദേശിക താരങ്ങള്‍ക്ക് പരമാവധി അവസരം ഒരുക്കാനാണിത്. ടീമുകള്‍ക്കുള്ള പ്രതിഫലത്തിലും വർധനയുണ്ട്. ഒന്നാംറൗണ്ടില്‍ ടീമുകള്‍ക്കുള്ള തുക 18,000ത്തില്‍നിന്ന് 19,500 രൂപയായി ഉയരും. പ്രീക്വാർട്ടർ-20,500, ക്വാർട്ടർ-22,000, സെമി-23,000, ഫൈനല്‍-35,000 എന്നിങ്ങനെയാണ് ടീമുകള്‍ക്കുള്ള പുതുക്കിയ ബത്ത. റഫറിമാരുടെ വേതനവും കൂട്ടിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ 41 ടൂർണമെന്‍റുകളാണ് അരങ്ങേറിയത്. ഇത്തവണ 51 അപേക്ഷകളാണ് അസോസിയേഷന് മുന്നിലുള്ളത്. നവംബർ പത്തിന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലാണ് ആദ്യ ടൂർണമെന്‍റ്. കൂടുതല്‍ ടൂർണമെന്‍റുകള്‍ ഇത്തവണയും മലപ്പുറം ജില്ലയിലാകും. ജില്ലയിലെ ആദ്യ ടൂർണമെന്‍റ് നവംബർ 14ന് മങ്കടയില്‍ തുടങ്ങും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴിച്ചുള്ള എല്ലാ ജില്ലകളിലും മാഹിയിലും നീലഗിരി ജില്ലയിലെ പന്തല്ലൂരിലും ടൂർണമെന്‍റുകളുണ്ടാവും.

31 രജിസ്ട്രേഡ് ക്ലബുകള്‍, മൂന്ന് പ്രാദേശിക ക്ലബുകള്‍ എന്നിവയിലൂടെ 510 താരങ്ങള്‍ ടൂർണമെന്‍റുകളുടെ ഭാഗമാകും. ടൂർണമെന്‍റുകള്‍ ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തു. കളിക്കാർ, സംഘാടകർ, കാണികള്‍, റഫറിമാർ എന്നിവർക്കെല്ലാം പ്രത്യേകം പരിരക്ഷ ലഭിക്കും. ടൂർണമെന്‍റുകള്‍ക്കുള്ള 120 അംഗ റഫറി പാനലും തയാറായി. സ്കൂള്‍ മൈതാനം കിട്ടാത്തത് ചിലയിടങ്ങളില്‍ ടൂർണമെന്‍റിന് തടസ്സമായിട്ടുണ്ട്. ഹൈകോടതി ഉത്തരവുള്ളതിനാലാണ് വിദ്യാഭ്യാസ വകുപ്പ് ഗ്രൗണ്ട് അനുവദിക്കാത്തത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ സർക്കാറിന് നിവേദനം നല്‍കി. ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ കരടു നിയമാവലിക്ക് അംഗീകാരം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *