
Perinthalmanna Radio
Date: 04-11-2024
പെരിന്തൽമണ്ണ : ചെമ്മൺ മൈതാനങ്ങളിലെ ഡ്രിബ്ലിങ്ങും ചടുലനീക്കങ്ങളും കൊണ്ട് കാണികളെ ആവേശമേറ്റുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് 14 മുതൽ ജില്ലയിൽ തുടക്കമാകും. മങ്കടയിൽ ആണ് ഈ സീസണിലെ ആദ്യ മത്സരം അരങ്ങേറുക.
മേയ് അവസാനംവരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾക്കായി ജില്ലയിലെ ടൂർണമെന്റ് കമ്മിറ്റികൾ തയ്യാറെടുത്തു കഴിഞ്ഞു. സംസ്ഥാനതലത്തിൽ 10-നു തന്നെ ടൂർണമെന്റ് തുടങ്ങും. 52 ടൂർണമെന്റുകളിൽ 21 എണ്ണവും ജില്ലയിലാണു നടക്കുക.
നിലവിൽ 32 ടീമുകളാണ് അസോസിയേഷനിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. ഓരോ ടീമുകൾക്കും മൂന്ന് വിദേശതാരങ്ങളെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താം. പ്രാഥമിക മത്സരത്തിന് ഒരു ടീമിന് 19500 രൂപയും അടുത്ത ഓരോ ഘട്ടത്തിലും 2000 രൂപ കൂട്ടിച്ചേർത്തുമാണ് സംഘാടകർ നൽകേണ്ടത്. കളിച്ചന്തത്തിനൊപ്പം പേരും പെരുമയും ലഭിക്കുന്നതുകൊണ്ട് ഭൂരിഭാഗം ടീമുകളെയും സ്പോൺസർചെയ്യാൻ വ്യാപാരസ്ഥാപനങ്ങൾ മുന്നോട്ടുവരുന്നുണ്ട്. സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകൾക്ക് 10 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ടൂർണമെന്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിനു കീഴിൽ വരും. കളിക്കിടയിൽ പറ്റുന്ന അപകടങ്ങളിൽ ചികിത്സാസഹായമായി ഒരു ലക്ഷവും മരണമുണ്ടായാൽ അഞ്ചുലക്ഷം രൂപയും ഇതുവഴി ലഭിക്കും.
കഴിഞ്ഞദിവസം നടന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പുതിയ അച്ചടക്ക നടപടികളും അംഗീകരിക്കപ്പെട്ടിരുന്നു. റഫറിയെ െെകയേറ്റം ചെയ്യുന്ന കളിക്കാരന് മൂന്നാഴ്ചക്കാലത്തെ വിലക്കും ഇതിലുൾപ്പെടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
