
Perinthalmanna Radio
Date: 10-11-2024
മലപ്പുറം: രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടും ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിയും പിടിച്ചു കെട്ടാനാവുന്നില്ല.
നവംബർ ഒന്ന് മുതല്‍ ഇതുവരെ 59 പേർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതര ചികിത്സാ മാർഗങ്ങള്‍ തേടുന്നവരുടെയും എണ്ണമെടുത്താൻ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത മഞ്ഞപ്പിത്തം കേസുകളുടെ ഇരട്ടിയിലധികം വരും. മഞ്ഞപ്പിത്തം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. ജലസ്രോതസ്സുകള്‍ മലിനമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ ഇടങ്ങളിലാണ് കൂടുതല്‍ മഞ്ഞപ്പിത്തം കേസുകളുമുള്ളത്.
വിവാഹം, പൊതുപരിപാടികള്‍, ജ്യൂസ് കടകള്‍, ഐസ് കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മലിനമായ ജലസ്രോതസുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് രോഗ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പേകുന്നുണ്ട്.
നിസാരമല്ല, ശ്രദ്ധ വേണം
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരള്‍ വീക്കത്തിന് കാരണമാകാം എന്നതിനാല്‍ കൃത്യസമയത്ത് ചികിത്സ തേടുക പ്രധാനമാണ്. രോഗം ഗുരുതരമായാല്‍ മരണ സാദ്ധ്യതയുണ്ട്.
പനി, ക്ഷീണം, ചർദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടണം.
പ്രായമായവർ, കുട്ടികള്‍, ഗർഭിണികള്‍ എന്നിവരെ രോഗം ഗുരുതരമായി ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളില്‍ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് സുരക്ഷിതം.
വിടാതെ ഡെങ്കി
ഈമാസം ഇതുവരെ 76 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃക്കലങ്ങോട്, കൂട്ടിലങ്ങാടി, മഞ്ചേരി, തൃപ്പനച്ചി, മുതുവല്ലൂർ, കുഴിമണ്ണ, എടയൂർ, ഓടക്കയം, പള്ളിക്കല്‍, കരുളായി, എടവണ്ണ, നെടിയിരുപ്പ്, തിരൂർ, മൂത്തേടം, കരുവാരക്കുണ്ട്, പോത്തുകല്ല്, കാവന്നൂർ, പുളിക്കല്‍ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ഡെങ്കി കൊതുകുകളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിനാല്‍ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നത് ഉറപ്പാക്കേണ്ടതുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
